ന്യൂഡല്‍ഹി: നീരവ് മോദി പഞ്ചാബ് നാഷണല്‍ ബാങ്കില്‍ തട്ടിപ്പ് നടത്തിയതിന് പിന്നാലെ മറ്റൊരു ബാങ്ക് തട്ടിപ്പും കൂടി പുറത്ത് വന്നു. ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്സാണ് തട്ടിപ്പിനിരയായത്.
ബാങ്കില്‍ നിന്ന് 389.95 കോടിയുടെ തട്ടിപ്പ് നടത്തിയതിന് ഡല്‍ഹി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ദ്വാരക ദാസ് സേത് ഇന്റര്‍നാഷണല്‍ എന്ന ജ്വല്ലറിയുടെ പേരില്‍ സിബിഐ കേസെടുത്തു.
ബാങ്ക് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ അശോക് കുമാര്‍ മിശ്ര ആറുമാസം മുന്‍പ് നല്കിയ പരാതിയിലാണ് സിബിഐ കേസെടുത്തിരിക്കുന്നത്. ജ്വല്ലറി ഡയറക്ടര്‍മാരായ സഭ്യാ സേത്, റീത സേത്, കൃഷ്ണകുമാര്‍ സിംഗ്, രവി സിംഗ് എന്നിവര്‍ക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്.
2007-12 കാലഘട്ടത്തിലാണ് ഇവരുടെ കമ്പനി ബാങ്കില്‍ നിന്ന് 389.95 കോടി രൂപ വായ്പയെടുത്തത്. ഓറിയന്റല്‍ ബാങ്കിന്റെ ഗ്രെയ്റ്റര്‍ കൈലാഷ് 2 ബ്രാഞ്ചിലാണ് തട്ടിപ്പ് നടന്നിരിക്കുന്നത്.
ആഭരണനിര്‍മാണവും, സ്വര്‍ണം, വെള്ളി, വജ്രം എന്നിവയുടെ കയറ്റുമതിയും നടത്തുന്ന സ്ഥാപനമാണ് ദ്വാരകാ ദാസ് ഇന്റര്‍നാഷണല്‍ കമ്പനി. സ്വര്‍ണവും മറ്റ് വിലയേറിയ കല്ലുകളും വാങ്ങുന്നതിനായി മറ്റുള്ളവരുടെ ലെറ്റേഴ്സ് ഓഫ് ക്രെഡിറ്റ് ഉപയോഗിക്കുകയും വ്യാജ ഇടപാടിലൂടെ ഇവ രാജ്യത്തിന്റെ പുറത്തേക്ക് കടത്തുകയും ചെയ്തതായി പരാതിയില്‍ പറയുന്നു.