23 കാരിയ്‌ക്കൊപ്പം ഒളിച്ചോടിയ മൂന്നു കുട്ടികളുടെ പിതാവിനെ യുവതിയുടെ ബന്ധുക്കള്‍ കൊലപ്പെടുത്തി

ന്യൂഡല്‍ഹി: ബന്ധുവായ യുവതിയുമായി ഒളിച്ചോടിയ 30 കാരനെ യുവതിയുടെ കുടുംബം കൊലപ്പെടുത്തി. കിഴക്കന്‍ ഡല്‍ഹിയിലെ ന്യൂ അശോക് നഗറിലാണ് സംഭവം. മൂന്ന് കുട്ടികളുടെ പിതാവായ 30കാരനായ ദിനേശ് ബന്ധുവായ 23കാരിക്കൊപ്പമാണ് ഒളിച്ചോടിയത്. ഇരുവരും തമ്മില്‍ നേരത്തെ അടുപ്പത്തിലായിരുന്നു. യുവതിയുടെ വിവാഹം അടുത്ത മാസം നടത്താനിരിക്കെയാണ് ഇരുവരും ഒളിച്ചോടിയത്. വിവാഹത്തിനായി കരുതിയ പണവും ആഭരണങ്ങളും എടുത്താണ് യുവതി ഓടിപ്പോയത്. സംഭവം അറിഞ്ഞതോടെ രോഷാകുലരായ യുവതിയുടെ സഹോദരന്‍ ശങ്കര്‍, അമ്മാവന്‍ റിങ്കു എന്നിവര്‍ മയൂര്‍ വിഹാര്‍ ഫേസ് ഒന്നിലെ വീട്ടിലെത്തി ഇവരെ ആക്രമിക്കുകയായിരുന്നു. ദിനേശിനെ പല തവണ ഇവര്‍ കുത്തിവീഴ്ത്തി. ആക്രമണത്തില്‍ യുവതിക്കും പരിക്കേറ്റു. യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദിനേശ് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. സംഭവം കണ്ട പൊലീസ് കോണ്‍സ്റ്റബിള്‍ മറ്റ് പോലീസുകാരെ വിവരം അറിയിക്കുകയും പ്രതികളെ പിടികൂടുകയും ചെയ്തു. വിവാഹിതനായ ബന്ധുവിനൊപ്പം ഒളിച്ചോടി യുവതി കുടുംബത്തിന്റെ മാനംകളഞ്ഞതിലാണ് ഇരുവരേയും കൊല്ലാന്‍ ശ്രമിച്ചതെന്ന് സഹോദരന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here