കൂട്ട ആത്മഹത്യയില്‍ നിന്ന് 3 വയസ്സുകാരന്‍ രക്ഷപ്പെട്ടു

ന്യൂഡല്‍ഹി : അയല്‍വീട്ടിലെ പ്രാര്‍ത്ഥനാചടങ്ങില്‍ പ്രസാദം കഴിക്കാന്‍ കാത്തുനിന്നതിനാല്‍ 3 വയസ്സുകാരന്റെ ജീവന്‍ രക്ഷപ്പെട്ടു. കുടുംബത്തിന്റെ കൂട്ട ആത്മഹത്യയില്‍ നിന്നാണ് റിഷഭ് മാത്രം രക്ഷപ്പെട്ടത്.

ഡല്‍ഹിയില്‍ ശനിയാഴ്ചയാണ് നടുക്കുന്ന സംഭവം. 6 വയസ്സുകാരിയായ സഹോദരിക്കും വിഷം നല്‍കി അച്ഛനുമമ്മയും ജീവനൊടുക്കുകയായിരുന്നു. വിക്കി, ലളിത, 6 വയസ്സുകാരി റാഞ്ചി എന്നിവരാണ് മരിച്ചത്.

പിതാവുമായുള്ള സ്വത്തുതര്‍ക്കത്തെ തുടര്‍ന്നാണ് കുടുംബം ഒന്നടങ്കം ആത്മഹത്യ ചെയ്യാന്‍ വിക്കി തീരുമാനിച്ചത്. എന്നാല്‍ ഈ സമയം റാഞ്ചിയും 3 വയസ്സുകാരന്‍ റിഷഭും അയല്‍വീട്ടില്‍ ഒരു പൂജ ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു.

ലളിത വന്ന് ഇരുവരോടും വീട്ടിലേക്ക് വരാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ താന്‍ പ്രസാദം കഴിച്ചിട്ടേ വരുന്നുളളൂവെന്ന് റിഷഭ് പറഞ്ഞു. ലളിത നിര്‍ബന്ധിച്ചപ്പോള്‍ റാഞ്ചി ഒപ്പം പോകാന്‍ തയ്യാറായെങ്കിലും റിഷഭ് പ്രസാദം കഴിച്ചിട്ടേ വരൂവെന്ന് വാശിപിടിച്ചു.

ഇതോടെ മകളെയും കൂട്ടി ലളിത വീട്ടിലേക്ക് പോയി. തുടര്‍ന്ന് വിക്കിയും ലളിതയും ചേര്‍ന്ന് മകള്‍ക്കും വിഷം നല്‍കി ആത്മഹത്യ ചെയ്യുകയായിരുന്നു. പിതാവ് കിഷോരി ലാലുമായി വിക്കി സ്വത്തു തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു.

ഗോവിന്ദ്പുരിയിലെ 6 നില കെട്ടിടത്തെ ചൊല്ലിയായിരുന്നു തര്‍ക്കം. 74 കാരനായ കിഷോരി ലാല്‍ ക്യാന്‍സര്‍ ബാധിതനാണ്. ഭാര്യയോടൊപ്പം ആ കെട്ടിടത്തിന്റെ താഴെ നിലയിലാണ് താമസം. ഒന്നാമത്തെ നിലയില്‍ വിക്കിയും കുടുംബവുമാണ്.

വിക്കിയുടെ മൂത്ത സഹോദരന്‍ രാകേഷ് മുകളിലത്തെ നിലയിലുമാണ്. മറ്റ് മൂന്ന് നിലകള്‍ വാടകയ്ക്ക് നല്‍കിയിരിക്കുന്നു. എന്നാല്‍ 2 നിലകള്‍ തനിക്ക് ഭാഗിച്ച് നല്‍കണമെന്നാവശ്യപ്പെട്ട് വിക്കി 2016 മുതല്‍ കിഷോരി ലാലിനെ സമ്മര്‍ദ്ദം ചെലുത്തി വരികയാണ്.

എന്നാല്‍ തന്റെ മരണശേഷമല്ലാതെ സ്വത്തുക്കള്‍ ഭാഗം ചെയ്ത് തരില്ലെന്ന് അദ്ദേഹം നിലപാടെടത്തു.

ഇതുസംബന്ധിച്ച് ശനിയാഴ്ച രാവിലെ വിക്കിയും കിഷോരിലാലും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു.

വഴക്കിനിടെ താന്‍ ആത്മഹത്യ ചെയ്യുമെന്ന് പ്രഖ്യാപിച്ച് വിക്കി മുകളിലെ നിലയിലേക്ക് പോയി. തുടര്‍ന്ന് മക്കളെ വിളിച്ചുകൊണ്ടുവരാന്‍ ഭാര്യ ലളിതയെ അയല്‍വീട്ടിലേക്ക് അയയ്ക്കുകയുമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here