യുവതി ആശുപത്രി വരാന്തയില്‍ പ്രസവിച്ചു

ഗുഡ്ഗാവ്: ആധാര്‍ കാര്‍ഡ് ഹാജരാക്കാത്തതിനെ തുടര്‍ന്ന് പ്രസവവാര്‍ഡില്‍ പ്രവേശനം നിഷേധിക്കപ്പെട്ട യുവതി ആശുപത്രി വരാന്തയില്‍ പ്രസവിച്ചു. ഗുഡ്ഗാവിലെ ആശുപത്രിയിലാണ് സംഭവം.

മുന്നി എന്ന ഇരുപത്തിയഞ്ചുകാരിക്കാണ് ദുരനുഭവം നേരിട്ടത്. പ്രസവവേദന തുടങ്ങിയതിനെത്തുടര്‍ന്നാണ് ഭര്‍ത്താവ് ബബ്ലു മുന്നിയെയും കൂട്ടി ആശുപത്രിയിലെത്തിയത്.

അള്‍ട്രാസൗണ്ട് സ്‌കാനിംഗ് നടത്തിയശേഷമേ പ്രസവ വാര്‍ഡില്‍ പ്രവേശിപ്പിക്കാനാവൂ എന്നായിരുന്നു ഗൈനക്കോളജിസ്റ്റിന്റെയും നഴ്‌സിന്റെയും നിലപാട്. എന്നാല്‍, ആധാര്‍ കാര്‍ഡ് കാണിക്കാത്തതിനാല്‍ സ്‌കാനിംഗ് നടത്താന്‍ അധികൃതര്‍ വിസമ്മതിച്ചു.

ആധാര്‍ നമ്പറും വോട്ടര്‍ ഐഡി കാര്‍ഡും ഉണ്ടെന്ന് പറഞ്ഞിട്ടും സ്‌കാനിംഗ് നടത്താന്‍ ആശുപത്രി ജീവനക്കാര്‍ തയ്യാറായില്ല. രണ്ട് മണിക്കൂറോളം ആശുപത്രിയിലെ അത്യാഹിതവിഭാഗത്തിന് പുറത്തെ വരാന്തയില്‍ കഴിയേണ്ടി വന്ന മുന്നി അവിടെത്തന്നെ പ്രസവിക്കുകയായിരുന്നു.

ഗര്‍ഭിണിയായ ശേഷം മുന്നി മതിയായ ആരോഗ്യപരിശോധനകളൊന്നും നടത്തിയിരുന്നില്ലെന്നും അതിനാലാണ് സ്‌കാനിംഗ് റിപ്പോര്‍ട്ടുണ്ടെങ്കിലേ വാര്‍ഡില്‍ പ്രവേശിപ്പിക്കാനാവൂ എന്ന് പറഞ്ഞതെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

അതേസമയം സംഭവത്തില്‍ ആശുപത്രിക്കെതിരെ പ്രതിഷേധം ശക്തമായി. സംഭവത്തെത്തുടര്‍ന്ന് ഒരു ഡോക്ടറെയും നഴ്‌സിനെയും സസ്‌പെന്‍ഡ് ചെയ്തു.

 

LEAVE A REPLY

Please enter your comment!
Please enter your name here