മലയാളി നഴ്‌സ് അമേരിക്കയില്‍ അറസ്റ്റില്‍

ചിക്കാഗോ : കാമുകന്റെ ഭാര്യയെ വകവരുത്താന്‍ ഗുണ്ടാസംഘത്തിന് ക്വട്ടേഷന്‍ നല്‍കിയ മലയാളി നഴ്‌സ് അമേരിക്കയില്‍ അറസ്റ്റില്‍. 31 കാരി ടീന ഇ ജോണ്‍സ് ആണ് പിടിയിലായത്. പത്തനം തിട്ട സ്വദേശിനിയായ ടീന ഏറെനാളായി അമേരിക്കയിലാണ്. വധശ്രമത്തിന് കേസെടുത്താണ് യുവതിയെ അറസ്റ്റ് ചെയ്തത്.

ബുധനാഴ്ച ഡ്യൂപേജ് കൗണ്ടി കോടതിയില്‍ ഹാജരാക്കിയ ടീനയെ 2,50000 ഡോളറിന്റെ ജാമ്യത്തില്‍വിട്ടു. ലയോള യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്ററിലെ നഴ്‌സായിരുന്നു 31 കാരി. ഇവിടത്തെ അനസ്‌തേഷ്യ ഡോക്ടറുമായി ഇവര്‍ അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു.

ഭാര്യയെ ഭയന്ന് ഇയാള്‍ തന്നെ ഒഴിവാക്കുകയാണെന്ന തോന്നലില്‍ നിന്നാണ് ആ യുവതിയെ കൊലപ്പെടുത്താന്‍ ടീന പദ്ധതിയിട്ടതെന്നാണ് കേസ്. എന്നാല്‍ ഡോക്ടറുടെ ഭാര്യയെ കൊലപ്പെടുത്താനുള്ള പദ്ധതിയെപ്പറ്റി ഏപ്രില്‍ 12 ന് പൊലീസിന് വിവരം ലഭിച്ചു.

സിബിഎസ് ചാനല്‍ സംപ്രേഷണം ചെയ്ത ഒരു പരിപാടിയാണ് വഴിത്തിരിവായത്. ഇന്റര്‍നെറ്റിലൂടെ ക്വട്ടേഷന്‍ സ്വീകരിച്ച് നടപ്പാക്കാനായി പ്രവര്‍ത്തിക്കുന്ന ‘ഡാര്‍ക് വെബ്’ സൈറ്റുകളെക്കുറിച്ചായിരുന്നു വാര്‍ത്ത. ഇതേക്കുറിച്ച് പൊലീസ് അന്വേഷിക്കുന്നതിനിടെയാണ് ഒരു യുവതിയെ കൊലപ്പെടുത്താനുള്ള നീക്കം അണിയറയില്‍ പുരോഗമിക്കുന്നതായി കണ്ടെത്തുന്നത്.

ഒരു ഓണ്‍ലൈന്‍ ക്രിമിനല്‍ സംഘത്തിന് ടീനയെന്ന യുവതി കാമുകന്റെ ഭാര്യയെ കൊലപ്പെടുത്താനുള്ള ക്വട്ടേഷന്‍ നല്‍കിയെന്ന് പൊലീസ് തിരിച്ചറിഞ്ഞു. ഇതിനായി ടീന 2018 ജനുവരിയില്‍ പതിനായിരം ഡോളറിന്റെ ബിറ്റ് കോയിന്‍ കൈമാറിയിട്ടുണ്ടെന്നും വ്യക്തമായി. തുടര്‍ന്ന് പൊലീസ് യുവതിയെ പിന്‍തുടരുകയും തെളിവുകള്‍ ഉറപ്പിച്ചശേഷം അറസ്റ്റ് ചെയ്യുകയുമായിരുന്നു.

കൊലപാതകത്തിന്റെ ഉത്തരവാദിത്വം യുവതിയുടെ ഭര്‍ത്താവിന്റെ നേര്‍ക്ക് വരരുതെന്ന് ഈ ക്വട്ടേഷന്‍ സംഘത്തിന് നിര്‍ദേശവും നല്‍കിയിരുന്നു. മെയ് 15 ന് കേസ് വീണ്ടും പരിഗണിക്കും. കുറ്റക്കാരിയാണെന്ന് കണ്ടെത്തിയാല്‍ യുവതി കുറഞ്ഞത് 20 വര്‍ഷത്തെ തടവുശിക്ഷയനുഭവിക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here