ക്ഷേത്രത്തിലെ കാണിക്കവഞ്ചിയില്‍ ഐഫോണ്‍ സിക്‌സ്

ഹൈദരാബാദ്: പതിവുപോലെ അമ്പലത്തിലെ കാണിക്കവഞ്ചി തുറന്ന കമ്മിറ്റി ഭാരവാഹികള്‍ ശരിക്കും ഞെട്ടി. നാണയത്തുട്ടുകള്‍ക്കും നോട്ടുകള്‍ക്കും പകരം ഒരു ആപ്പിള്‍ ഐഫോണ്‍ സിക്‌സ് കിട്ടി.

ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലെ പ്രസിദ്ധമായ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലാണ് സംഭവം. കവര്‍ പോലും പൊട്ടിക്കാതെയായിരുന്നു ഐഫോണ്‍ സിക്‌സ് കണ്ടെത്തിയത്.

ഫോണിന്റെ കവറിനുള്ളില്‍ വാറണ്ടി കാര്‍ഡ് പോലും ഉണ്ടായിരുന്നുവെന്ന് ക്ഷേത്ര അധികൃതര്‍ പറയുന്നു. മൂന്ന് മാസങ്ങള്‍ക്ക് ശേഷം കഴിഞ്ഞ വെള്ളിയാഴ്ചയാണ് കാണിക്കവഞ്ചി തുറന്നത്.

എന്നാല്‍ എത്ര ദിവസം മുമ്പാണ് ഫോണ്‍ കാണിക്ക വഞ്ചിയില്‍ ഇട്ടതെന്നോ ആരാണ് ഇട്ടതെന്നോ വ്യക്തമല്ല. നിലവില്‍ ഐഫോണ്‍ സിക്‌സിന് 26,000 രൂപയോളം രൂപ വിലയുണ്ട്.

ആളുകളുടെ കയ്യില്‍ നിന്നും അബദ്ധത്തില്‍ വഴുതി വീഴുന്ന ഫോണുകള്‍ കാണിക്കവഞ്ചിയില്‍ നിന്നും കിട്ടാറുണ്ടെന്നും എന്നാല്‍ ഇതാദ്യമായാണ് ഇത്ര വിലകൂടിയ ഫോണ്‍ ഒരാള്‍ ക്ഷേത്രത്തിലേക്ക് സംഭാവന ചെയ്യുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

മൊബൈല്‍ വ്യാപാരം നടത്തുന്ന ആരെങ്കിലും ആയിരിക്കും ഇത്തരത്തില്‍ സംഭാവന നടത്തിയതെന്നാണ് ക്ഷേത്ര ഭാരവാഹികളുടെ അനുമാനം. സംഭാവനയായി കിട്ടിയ ഫോണ്‍ ഇനി എന്ത് ചെയ്യണമെന്ന് ആലോചിച്ച് വരികയാണെന്നും ഇവര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here