എംഎല്‍എമാരുടെ കൊച്ചി യാത്ര പ്രതിസന്ധിയില്‍

ബംഗളൂരു : കോണ്‍ഗ്രസ്- ജെഡിഎസ് എംഎല്‍എമാരുടെ കേരള യാത്ര പ്രതിസന്ധിയില്‍. 3 വിമാനങ്ങള്‍ക്ക് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അനുമതി നിഷേധിച്ചു. ബംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്കുള്ള ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ക്കാണ് അനുമതി നിഷേധിച്ചത്.

ഇതോടെ എംഎല്‍എമാര്‍ റിസോര്‍ട്ടുകളില്‍ തങ്ങുകയാണ്. ഇവരുടെ യാത്ര നാളെയേ ഉണ്ടാകൂവെന്നാണ് അറിയുന്നത്. എന്നാല്‍ ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ക്ക് അനുമതി നിഷേധിച്ചത് രാഷ്ട്രീയ ഇടപെടലിന്റെ ഭാഗമാണെന്ന് ജനതാദള്‍ നേതാവ് എച്ച്ഡി കുമാരസ്വാമി ആരോപിച്ചു.

കര്‍ണാടകയില്‍ ബിജെപി കുതിരക്കച്ചവടം ഊര്‍ജിതമാക്കിയതോടെയാണ് എംഎല്‍എമാരെ കേരളത്തിലേക്ക് മാറ്റാന്‍ തീരുമാനമായത്. രാത്രി 10 ന് ബംഗളൂരുവില്‍ നിന്ന് വിമാനമാര്‍ഗം എംഎല്‍എമാരെ കൊച്ചിയിലെത്തിക്കും.

കോണ്‍ഗ്രസ് എംഎല്‍എമാരുള്ള ഈഗിള്‍ടണ്‍ റിസോര്‍ട്ടിനുള്ള പൊലീസ് സംരക്ഷണം നേരത്തേ പിന്‍വലിച്ചിരുന്നു. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തയുടന്‍ യെദ്യൂരപ്പയുടെ ആദ്യ നടപടികളില്‍ ഒന്നായിരുന്നു ഇത്.

 

 

കൂടാതെ അമര്‍ കുമാര്‍ പാണ്ഡേ, സന്ദീപ് പാട്ടീല്‍, ദേവരാജ, എസ് ഗിരീഷ് എന്നീ ഐപിഎസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുകയും ചെയ്തു. പൊലീസ് സംരക്ഷണം നഷ്ടമായ സാഹചര്യത്തിലാണ് സുരക്ഷിതമായ സംസ്ഥാനമായതിനാല്‍ എംഎല്‍എമാരെ കേരളത്തിലേക്ക് മാറ്റുന്നത്.

പിന്‍തുണയ്ക്കുന്ന എംഎല്‍എമാരുടെ പട്ടിക യെദ്യൂരപ്പയ്ക്ക് നാളെ സുപ്രീം കോടതിയില്‍ സമര്‍പ്പിക്കേണ്ടതുണ്ട്. ഈ സാഹചര്യത്തില്‍ ബിജെപി കുതിരക്കച്ചവടം ഊര്‍ജിതമാക്കിയിരിക്കുകയാണ്.

കേരളത്തിലാകുമ്പോള്‍ വിശ്വാസവോട്ടെടുപ്പിനോട് അനുബന്ധിച്ച് അംഗങ്ങളെ എളുപ്പം എത്തിക്കാനാകുമെന്ന് കോണ്‍ഗ്രസ് ദള്‍ സഖ്യം കണക്കുകൂട്ടുന്നു. കൂടാതെ സിപിഎം ഭരണത്തിലുള്ള സംസ്ഥാനത്ത് എംഎല്‍എമാര്‍ക്ക് പൂര്‍ണ സുരക്ഷിതത്വം ലഭിക്കും.

ഇവിടെ നിന്ന് ബിജെപിക്ക് എംഎല്‍എമാരെ കടത്തിക്കൊണ്ടുപോകാനാകില്ലെന്നുമുള്ള വിലയിരുത്തലിലുമാണ് ഇരുപാര്‍ട്ടികളും. അതേസമയം ചൊവ്വാഴ്ചയായിരിക്കും യെദ്യൂരപ്പ സര്‍ക്കാരിന്റെ വിശ്വാസ വോട്ടെടുപ്പെന്ന് സൂചനയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here