മുംബൈ: ആമിര്‍ ഖാന് ചിത്രം ദംഗലിലൂടെ ശ്രദ്ധേയയായ ഫാത്തിമ സനയുടെ പുതിയ ലുക്ക് സോഷ്യല്‍മീഡിയയില്‍ തരംഗമാകുന്നു. താരത്തിന്റെ അടുത്തിടെ പുറത്തിറങ്ങിയ ഫോട്ടോകളിലെല്ലാം പകുതി മുറിഞ്ഞ പുരികമാണുള്ളത്. എന്താണ് സംഭവമെന്ന് പ്രേക്ഷകര്‍ക്ക് പിടികിട്ടിയിട്ടില്ലെങ്കിലും പുതിയ ചിത്രത്തിന് വേണ്ടിയാണെന്നാണ് സൂചന. ആമിര്‍ ഖാന് ചിത്രമായ തഗ്സ് ഓഫ് ഹിന്ദുസ്ഥാന്‍ എന്ന അടുത്ത ചിത്രത്തിന്റെ ചിത്രീകരണ തിരക്കുകളിലാണ് ഫാത്തിമ സനയിപ്പോള്‍.
ലൊക്കേഷനില്‍ ആമിര്‍ ഖാനും കത്രിന കൈഫിനുമൊപ്പം നില്ക്കുന്ന ചിത്രം ഫാത്തിമ സന തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. ചിത്രങ്ങളിലെല്ലാം പുരികത്തിന്റെ കുറച്ചുഭാഗം വടിച്ചുകളഞ്ഞിരിക്കുന്നത് വ്യക്തമാണ്.
എന്തായാലും സംഭവമെന്തെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകര്‍. കമല്‍ഹാസന്റെ അവ്വൈ ഷണ്മുഖിയുടെ ഹിന്ദി പതിപ്പായ ചാച്ചി 420യില്‍ ബാലതാരമായി അരങ്ങേറിയ ഫാത്തിമ ആമിര്‍ ഖാന്റെ ദംഗലില്‍ ഗുസ്തിതാരം ഗീത ഫൊഗട്ടിനെയാണ് അവതരിപ്പിച്ചത്.