ഓപ്പറേഷന്‍ മോദിയുടെ നിര്‍ദേശപ്രകാരം

ഗോവ : ദുബായ് രാജകുമാരിയെ ഇന്ത്യന്‍ സുരക്ഷാസേന ഗോവന്‍ തീരത്തുനിന്ന് പിടികൂടി യുഎഇയ്ക്ക് കൈമാറിയതിന്റെ പിന്നാമ്പുറ കഥകള്‍ പുറത്ത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദേശമനുസരിച്ച് തീരദേശ സേനയാണ് ദുബായ് രാജകുമാരി ഷെയ്ഖ ലത്തീഫയെ പിടികൂടിയതെന്ന് പ്രമുഖ മാധ്യമമായ ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.

മോദിയുടെ നിര്‍ദേശ പ്രകാരം പ്രത്യക ഓപ്പറേഷനിലൂടെ 32 കാരിയായ ലത്തീഫയെ മാര്‍ച്ച് 4 നാണ് പിടികൂടുന്നത്. ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് സഈദ് അല്‍ മക്തൂമിന്റെ മകളാണ് ഷെയ്ഖ ലത്തീഫ.

താന്‍ യുഎഇയില്‍ തടവില്‍ ക്രൂരമായ ഉപദ്രവങ്ങള്‍ക്ക് ഇരയായി വരികയായിരുന്നുവെന്നും രക്ഷപ്പെട്ട് ഗോവയിലെത്തിയതാണെന്നും പരാമര്‍ശിക്കുന്ന വീഡിയോ ഷെയ്ഖ ലത്തീഫ പുറത്തുവിട്ടതിന് പിന്നാലെയാണ് ഇവരെ കാണാതാകുന്നത്.

എന്നാല്‍ നാളുകള്‍ക്ക് ശേഷം യുവതിയെ യുഎഇയിലേക്ക് തിരിച്ചയച്ചതായുള്ള റിപ്പോര്‍ട്ടും പുറത്തുവന്നു. എന്നാല്‍ ഇവരെ പിടികൂടിയതോ തിരിച്ചയച്ചതോ ഔദ്യോഗികമായി വിശദീകരിക്കാന്‍ ഇന്ത്യന്‍ സൈനിക സംവിധാനങ്ങളോ സര്‍ക്കാരോ തയ്യാറായിരുന്നില്ല.

ഇപ്പോഴാണ് പിന്നാമ്പുറക്കഥകള്‍ പുറത്തുവരുന്നത്. ഇന്ത്യയുടെ നയതന്ത്ര താല്‍പ്പര്യങ്ങളെ മുന്‍നിര്‍ത്തി, ഷെയ്ഖ ലത്തീഫയെ പിടികൂടണമെന്നായിരുന്നു ദേശീയ സുരക്ഷാ നേതൃത്വം തീരദേശസേനയ്ക്ക് നല്‍കിയ അറിയിപ്പെന്ന് ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് വ്യക്തമാക്കുന്നു.

കോസ്റ്റ് ഗാര്‍ഡിന്റെ 3 കപ്പലുകള്‍ ഓപ്പറേഷനില്‍ പങ്കെടുത്തു. ഇതുകൂടാതെ ഹെലികോപ്റ്ററുകളും തീരദേശ നരീക്ഷണ വിമാനവും ഈ ഓപ്പറേഷനില്‍ അണിനിരന്നു.നൊസ്‌ട്രോമോ എന്ന അമേരിക്കന്‍ കപ്പലിലാണ് രാജകുമാരിയും സംഘവും ഗോവന്‍ തീരത്തെത്തിയത്.

രാജകുമാരിക്കൊപ്പം രണ്ടു വിദേശികളാണ് ഉണ്ടായിരുന്നത്. ടിയാന ജോഹന്ന, ഹെര്‍വേ ജോബര്‍ എന്നിവരായിരുന്നു. മുകളില്‍ നിന്നുള്ള നിര്‍ദേശപ്രകാരം തീരദേശ സേന ഈ കപ്പല്‍ പിടികൂടി മൂവരെയും യുഎഇ സൈന്യത്തിന് കൈമാറി.

തുടര്‍ന്ന് യുഎഇ സേന ഇവരെ സ്വദേശത്ത് എത്തിച്ചു. ജൊഹാനയെയും ജോബറിനെയും പിന്നീട് യുഎഇ മോചിപ്പിച്ചെന്നാണ് വിവരം. ഇവരുടെ രാജ്യങ്ങളുമായുള്ള യഎഇയുടെ ഉഭയകക്ഷി ബന്ധത്തിന്റൈ പശ്ചാത്തലത്തിലായിരുന്നു ഇത്.

പിടികൂടി കൈമാറുമ്പോള്‍ തനിക്ക് യുഎഇയിലേക്ക് തിരികെ പോകേണ്ടതില്ലെന്ന് ലത്തീഫ ഉറക്കെ കരയുന്നുണ്ടായിരുന്നുവെന്ന് ബിസിനസ് സ്റ്റാന്‍ഡേര്‍ഡിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍ രാഷ്ട്രീയ അഭയം തേടി ഇന്ത്യയിലെത്തിയ ദുബായ് രാജകുമാരിയെ നിര്‍ബന്ധിതമായി ഇന്ത്യ തിരിച്ചയച്ചത് നിയമ ലംഘനമാണെന്നാണ് ലോയേഴ്‌സ് കളക്ടീവിന്റെ വാദം.

ഉപദ്രവിക്കപ്പെട്ട രാജ്യത്തേക്ക് തന്നെ രാജകുമാരിയെ തിരിച്ചയച്ചത് ആര്‍ട്ടിക്കിള്‍ 21 ന്റെ ലംഘനമാണെന്നാണ് നിയമവിദഗ്ധരുടെ കൂട്ടായ്മ വ്യക്തമാക്കുന്നു. തന്റെ മകള്‍ തട്ടിക്കൊണ്ടുപോകപ്പെട്ടെന്നും അവരെ പിടികൂടി മകളെ മോചിപ്പിക്കാന്‍ സഹായിക്കണമെന്നുമായിരുന്നു ദുബായ് പ്രധാനമന്ത്രി അല്‍ മക്തൂമിന്റെ അഭ്യര്‍ത്ഥനയെന്ന് കോസ്റ്റ് ഗാര്‍ഡ് ഉന്നതര്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന് 6 ഭാര്യമാരിലായുള്ള 30 മക്കളില്‍ ഒരാളാണ് താനെന്ന് യുവതി വീഡിയോയില്‍ പരാമര്‍ശിച്ചിരുന്നു. യുഎഇയില്‍ മൂന്ന് വര്‍ഷമായി തന്നെ തടവിലിട്ടിരിക്കുകയായിരുന്നു.

തനിക്ക് യാതൊരു സ്വാതന്ത്ര്യവുമുണ്ടായിരുന്നില്ലെന്നും ദുബായില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് തടവിലാക്കിയതെന്നുമായിരുന്നു വീഡിയോയിലൂടെ ഷെയ്ഖ ലത്തീഫ വെളിപ്പെടുത്തിയത്.

ഡോക്ടര്‍മാര്‍ മയക്കുമരുന്ന് കുത്തിവെയ്ക്കാറുണ്ടായിരുന്നു. പുറത്തിറങ്ങിയപ്പോള്‍, തന്റെ ചലനങ്ങളെല്ലാം നിരീക്ഷിക്കാന്‍ ആളുകളെയും ഏര്‍പ്പാടാക്കി. ഒരിക്കലുംപാസ്പോര്‍ട്ട് കൈവശം വെയ്ക്കാന്‍ അനുവദിച്ചിരുന്നില്ലെന്നും ലത്തീഫ പരാമര്‍ശിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here