ഡിജിറ്റല്‍ നമ്പര്‍ പ്ലേറ്റുകളിലേക്ക് ദുബായ്

ദുബായ് :മോട്ടോര്‍ വാഹന രംഗത്ത് വിപ്ലവകരമായ ഒരു മാറ്റത്തിനായി ദുബായ് ഒരുങ്ങുന്നു. ഇനി മുതല്‍ ദുബായിലെ കാറുകളുടെ നമ്പര്‍ പ്ലേറ്റുകള്‍ ഡിജിറ്റല്‍ രൂപത്തിലാകും. ഇപ്പോഴുള്ള ലോഹപ്ലേറ്റുകളെ ഒഴിവാക്കി ഡിജിറ്റല്‍ രൂപത്തിലേക്ക് മാറുവാനാണ് ദുബായ് റോഡ് ഗതാഗത വകുപ്പ് ഒരുങ്ങുന്നത്.

ഇതിനായുള്ള നടപടികള്‍ ആരംഭിച്ച് കഴിഞ്ഞതായും അടുത്ത മാസം മുതല്‍ പരീക്ഷണ അടിസ്ഥാനത്തില്‍ കാറുകളില്‍ ഇവ ഘടിപ്പിച്ച് നല്‍കുമെന്നും മന്ത്രാലയം അറിയിച്ചു. ഈ വര്‍ഷം നവംബര്‍ വരെയാണ് ഇവ പരീക്ഷണ അടിസ്ഥാനത്തില്‍ ഘടിപ്പിക്കുന്നത്. നിരവധി സൗകര്യങ്ങളാണ് നമ്പര്‍ പ്ലേറ്റുകള്‍ ഡിജിറ്റല്‍ പ്ലേറ്റുകളിലേക്ക് മാറുമ്പോള്‍ ഉപഭോക്താവിന് ലഭിക്കുന്നത്.

ഈ സംവിധാനം വരുന്നതോട് കൂടി ഓരോ വര്‍ഷവും നമ്പര്‍ പുതുക്കുവാന്‍ ഇനി ആര്‍ടിഎ ഓഫീസുകള്‍ കയറിയിറങ്ങേണ്ട ആവശ്യമില്ല. ടെസ്റ്റ് പാസാവുന്ന മുറയ്ക്ക് സ്വാഭാവികമായി തന്നെ വാഹന നമ്പര്‍ പുതുക്കപ്പെടും. വാഹന നമ്പറുകള്‍ മാറ്റുവാനും ഓണ്‍ലൈന്‍ വഴി സാധിക്കും. ഇത് സ്വാഭാവികമായി തന്നെ ഡിജിറ്റല്‍ നമ്പര്‍ പ്ലേറ്റുകളില്‍ കാണിക്കും. വാഹനം അപകടത്തില്‍പ്പെടുകയാണെങ്കില്‍ ഉടന്‍ തന്നെ അടുത്തുള്ള അര്‍ടിഎ ഓഫീസില്‍ വിവരം ലഭിക്കും.

ടോള്‍ കേന്ദ്രങ്ങളിലേയും പാര്‍ക്കിങ് സെന്ററുകളിലും അടയ്‌ക്കേണ്ട പണം നമ്പര്‍ പ്ലെറ്റുമായി ബന്ധിപ്പിച്ചിട്ടുള്ള ബാങ്ക് അക്കൗണ്ടില്‍ നിന്നും ഈടാക്കും. ഇതിനായി പ്രത്യേകം സമയം കളയേണ്ട ആവശ്യമില്ല. കൂടാതെ വാഹനം ആരെങ്കിലും മോഷ്ടിച്ച് കടന്ന് പോവുകയോ നമ്പര്‍ പ്ലേറ്റുകള്‍ അടര്‍ത്തി മാറ്റാന്‍ ശ്രമിക്കുമ്പോഴോ ആര്‍ടിഎ സെന്ററില്‍ മുന്നറിയിപ്പ് ലഭിക്കും.

എന്നാല്‍ ദുബായിലെ പൊടിപടലങ്ങളും ചൂടും നിറഞ്ഞ കാലാവസ്ഥയും കാരണം ഡിജിറ്റല്‍ രൂപത്തിലുള്ള വിവര കൈമാറ്റവും മറ്റു സാങ്കേതിക സഹായങ്ങളും എത്രമാത്രം കാര്യക്ഷമതയോടെ പ്രവര്‍ത്തുക്കുമെന്ന ആശങ്ക മന്ത്രാലയത്തിനുമുണ്ട്. അതിനാലാണ് പരീക്ഷണ അടിസ്ഥാനത്തില്‍ ഇവ നടപ്പില്‍ വരുത്തുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here