യോഗി വ്യാജനെന്ന് കോണ്‍ഗ്രസ് നേതാവ്

ബംഗലൂരു : യോഗി ആദിത്യ നാഥ് കര്‍ണ്ണാടകയില്‍ എത്തുകയാണെങ്കില്‍ അദ്ദേഹത്തെ കാലിലെ ചെരുപ്പൂരി  കാണിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ്. കര്‍ണ്ണാടക പ്രദേശ് കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡണ്ട് ദിനേശ് ഗുണ്ടു റാവുവാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിക്കെതിരെ വിവാദ പരാമര്‍ശവുമായി രംഗത്ത് വന്നത്.

ഉന്നാവോ, കത്വവാ പീഡനങ്ങളില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ബംഗലൂരുവില്‍
സംഘടിപ്പിച്ച മെഴുകുതിരി പ്രതിഷേധ റാലിയില്‍ പങ്കെടുക്കവെയായിരുന്നു ദിനേശ് ഗുണ്ടു റാവുവിന്റെ ഈ കടുത്ത പരാമര്‍ശം.

‘യോഗി ആദിത്യ നാഥ് ഇന്ത്യന്‍ ജനാധിപത്യത്തിന് അപമാനമാണ്. ഇനിയും അദ്ദേഹം കര്‍ണ്ണാടകയില്‍ കാലെടുത്ത് വെക്കാന്‍ മുതിരുകയാണെങ്കില്‍ ചെരുപ്പൂരി കാണിച്ച്
പുറത്താക്കണമെന്നായിരുന്നു’ ഗുണ്ടു റാവുവിന്റെ വിവാദ പരാമര്‍ശം. ‘ഉന്നാവോ പീഡനത്തിന്റെ പശ്ചാത്തലത്തില്‍ മാന്യതയുണ്ടെങ്കില്‍ യോഗി രാജിവെച്ച് പുറത്ത് പോവണം. അല്ലെങ്കില്‍ പ്രധാനമന്ത്രി മോദി അദ്ദേഹത്തെ പുറത്താക്കി മാതൃക കാണിക്കണമെന്നും’ ദിനേശ് ഗുണ്ടു റാവു ആവശ്യപ്പെട്ടു.

യോഗി ആദിത്യ നാഥ് യഥാര്‍ത്ഥത്തില്‍ യോഗി അല്ലെന്നും ഒരു ദോംഗി (വ്യാജന്‍ ) ആണെന്നും ദിനേശ് ഗുണ്ടു റാവു പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ത്തു. അതേ സമയം വിവാദ പരാമര്‍ശത്തില്‍ ദിനേശ് ഗുണ്ടു റാവു മാപ്പ് പറയണമെന്നാവശ്യപ്പെട്ട് സംസ്ഥാന ബിജെപി ഘടകം രംഗത്തെത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here