സര്‍ക്കാര്‍ ഭൂമി പതിച്ച് നല്‍കിയ സബ് കളക്ടര്‍ കുരുക്കില്‍

തിരുവനന്തപുരം: ഭര്‍ത്താവും എംഎല്‍എയുമായ കെഎസ് ശബരീനാഥിന്റെ സുഹൃത്തിന് തിരുവനന്തപുരം സബ് കളക്ടര്‍ ദിവ്യ എസ് അയ്യര്‍ സര്‍ക്കാര്‍ ഭൂമി പതിച്ച് കൊടുത്തതായി ദേശാഭിമാനി റിപ്പോര്‍ട്ട്.

കോടികളുടെ സര്‍ക്കാര്‍ ഭൂമിയാണ് ചട്ടങ്ങള്‍ കാറ്റില്‍ പറത്തി ദിവ്യ എസ് അയ്യര്‍ അയിരൂര്‍ പുന്നവിള വീട്ടില്‍ ലിജിക്ക് പതിച്ചു കൊടുത്തത്. 2017 ജൂലൈ ഒമ്പതിന് വര്‍ക്കല തഹസില്‍ദാരുടെ നേതൃത്വത്തില്‍ ഏറ്റെടുത്ത വര്‍ക്കല ഇലകമണ്‍ പഞ്ചായത്തിലെ അയിരൂര്‍ വില്ലേജില്‍ വില്ലിക്കടവ് പാരിപ്പള്ളിവര്‍ക്കല സംസ്ഥാനപാതയോട് ചേര്‍ന്ന 27 സെന്റ് സ്ഥലമാണ് പതിച്ചു നല്‍കിയത്.

സ്വകാര്യവ്യക്തി വര്‍ഷങ്ങളായ അനധികൃതമായി കൈവശം വെച്ച ഈ ഭൂമി ഏറ്റെടുക്കണമെന്ന് ഇലകമണ്‍ പഞ്ചായത്ത് ഭരണസമിതിയും വിവിധ സംഘടനകളും മുമ്പ് ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് വര്‍ക്കല തഹസില്‍ദാര്‍ അന്വേഷണം നടത്തി 2017ല്‍ ഭൂമി പിടിച്ചെടുത്തത്.

ഇതിനെതിരെ ലിജി ഹൈക്കോടതിയെ സമീപിച്ചു. കേസിന്റെ ആദ്യഘട്ടത്തില്‍ ദിവ്യ എസ് അയ്യര്‍ കക്ഷിയായിരുന്നില്ല. എന്നാല്‍ ഉന്നതതല സ്വാധീനത്താല്‍ പിന്നീട് ആര്‍ ഡി ഒ കൂടിയായ ഇവരെ ആറാം എതിര്‍ കക്ഷിയായി ഉള്‍പ്പെടുത്തി. വാദിയെ നേരില്‍ കേട്ട് തീരുമാനമെടുക്കാന്‍ ആര്‍ഡിഒയെ കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 31ന് ഹൈക്കോടതി ചുമലപ്പെടുത്തി.

ഈ ഉത്തരവിന്റെ മറവിലാണ് ദിവ്യ ഭൂമി ദാനം ചെയ്തത്. കേസില്‍ കക്ഷികളായ, പഞ്ചായത്ത്, വില്ലേജ്, റവന്യൂ അധികൃതരെ അറിയിക്കാതെ ഏകപക്ഷീയമായാണ് ഹിയറിങ് നടത്തിയതെന്നും ആരോപണമുണ്ട്.  കൈവശം വെച്ചനുഭവിക്കുന്ന റീസര്‍വേ 224, 225, 226 എന്നീ സബ്ഡിവിഷനുകളിലെ സ്ഥലത്തിന് പട്ടയം ഉള്ളതാണെന്നും ഇത് അളന്നുതിരിച്ച് നല്‍കണമെന്നുമാണ് പരാതിക്കാരിയുടെ ആവശ്യം.

സര്‍ക്കാര്‍ ഏറ്റെടുത്ത റീസര്‍വേ 227ല്‍ പെട്ട 27 സെന്റിന്റെ കാര്യം പരാതിയിലില്ലായിരുന്നു. എന്നാല്‍ പരാതി പരിഗണിച്ച ദിവ്യ എസ് അയ്യര്‍ റീസര്‍വേ 224, 225, 226 സബ്ഡിവിഷനുകളിലെ വസ്തു ലിജിക്ക് അളന്നു തിരിച്ചു നല്‍കാന്‍ ഉത്തരവിട്ടു.

ഒപ്പം റീസര്‍വേ 227ല്‍പ്പെട്ട സര്‍ക്കാര്‍ പുറമ്പോക്ക് ഏറ്റെടുത്ത താഹസില്‍ദാരുടെ ഉത്തരവും റദ്ദുചെയ്തു. ഇതോടെ കൈവശം ഉള്ള ഭൂമിക്കു പുറമേ സര്‍ക്കാര്‍ പുറമ്പോക്കും ലിജിക്ക് ലഭിച്ചു.

2009ലെ കേരള ഭൂസംരക്ഷണ നിയമത്തിലെ ഭേദഗതി പ്രകാരം അനധികൃത കയ്യേറ്റം ഒഴിപ്പിക്കാന്‍ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ അതില്‍ വീഴ്ചവരുത്തിയാല്‍ മൂന്നു മുതല്‍ അഞ്ചുവര്‍ഷം വരെ തടവും അമ്പതിനായിരം രൂപ പിഴയും വിധിക്കാവുന്നതാണ്. സര്‍ക്കാര്‍ ഭൂമി സ്വകാര്യവ്യക്തിക്ക് പതിച്ചു നല്‍കിയ ദിവ്യ എസ് അയ്യര്‍ നിയമലംഘനം നടത്തിയെന്ന് വ്യക്തമാണെന്ന് നിയമവിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ഭൂമി പതിച്ചു നല്‍കിയതിതെിരെ ഇലകമണ്‍ പഞ്ചായത്ത് കളക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. വി ജോയി എംഎല്‍എ ഇക്കാര്യം റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. വിഷയം പരിശോധിച്ച് ശക്തമായ നടപടി എടുക്കുമെന്ന് മന്ത്രി അറിയിച്ചിട്ടുണ്ടെന്ന് എംഎല്‍എ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here