ഡികെ-അമിത്ഷായെ കടത്തിവെട്ടിയ ചാണക്യന്‍

ബംഗളൂരു : തൂക്കുസഭ നിലവില്‍ വന്നതുമുതല്‍ രാഷ്ട്രീയാനിശ്ചിതത്വത്തിന്റെ പരകോടിയിലായിരുന്നു കര്‍ണാടക. ചരടുവലികളാല്‍ ബംഗളൂരുവിന്റെ രാഷ്ട്രീയ മണ്ഡലം തിളച്ചുമറിഞ്ഞു. ബിജെപി 104 എംഎല്‍എമാരുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായപ്പോള്‍ കോണ്‍ഗ്രസിന് 78 ഉം ജെഡിഎസിന് 37 ഉം അംഗങ്ങളെ ലഭിച്ചു. 2 സ്വതന്ത്രരും തെരഞ്ഞെടുക്കപ്പെട്ടു.

എന്നാല്‍ മുഴുവന്‍ ഫലങ്ങളും പുറത്തുവരും മുന്‍പ് ജെഡിഎസിന് നിരുപാധിക പിന്‍തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസിന്റെ നിര്‍ണ്ണായക നയതന്ത്രം. ബിജെപിയെ അധികാരത്തില്‍ നിന്നകറ്റാന്‍ തെരഞ്ഞെടുപ്പില്‍ വൈരിയായിരുന്ന ജെഡിഎസുമായി കോണ്‍ഗ്രസ് കൈകോര്‍ത്തു. നെഞ്ചിടിപ്പേറ്റുന്ന ഇത്തരം നിര്‍ണ്ണായക നീക്കങ്ങള്‍ നടക്കുമ്പോള്‍ ചില കണ്ണുകള്‍ മുന്‍ ഊര്‍ജമന്ത്രിയും കര്‍ണാടക കോണ്‍ഗ്രസിലെ കരുത്തനുമായ ഡികെ ശിവകുമാറിനെ തേടുന്നുണ്ടായിരുന്നു.

ഡികെ എവിടെ എന്ന് ചോദ്യങ്ങളുയര്‍ന്നുകൊണ്ടിരുന്നു. എന്നാല്‍ അതിനാടകീയമായി സ്വതന്ത്ര എംഎല്‍എ നാഗേഷുമായി ഡികെ ശിവകുമാര്‍ ഗവര്‍ണറുടെ വസതിയില്‍ അവതരിച്ചു. ഇതിനിടെ മറ്റൊരു സ്വതന്ത്ര എംഎല്‍എ ശങ്കറിന്റെ പിന്‍തുണയും ഡികെ ഉറപ്പുവരുത്തിയിരുന്നു. കോണ്‍ഗ്രസ്-ദള്‍ സഖ്യത്തിന്റെ പിന്നീടുള്ള ഓരോ ചടുലനീക്കങ്ങളുടെയും സൂത്രധാരന്‍ ഡികെ ശിവകുമാറായിരുന്നു.

100 ഉം 150 ഉം കോടിയും മന്ത്രിപദവിയും സമ്പത്തുമെല്ലാം ബിജെപിയില്‍ നിന്ന് വാഗ്ദാനം ചെയ്യപ്പെടുമ്പോള്‍ കോണ്‍ഗ്രസ് അംഗങ്ങളെ റാഞ്ചാന്‍ വിട്ടുകൊടുക്കാതെ ഡികെ തന്ത്രങ്ങള്‍ മെനഞ്ഞു.ബിജെപിയുടെ ചാക്കിട്ടുപിടുത്തതിന് തടയിടാന്‍ എംഎല്‍എമാരെ സ്വന്തം റിസോര്‍ട്ടായ ഈഗിള്‍ടണ്ണിലേക്ക് മാറ്റി. കുതിരക്കച്ചവടത്തിനായി ബിജെപി പാളയത്തില്‍ നിന്ന് വരുന്ന കോളുകള്‍ റെക്കോര്‍ഡ് ചെയ്യാന്‍ അംഗങ്ങളുടെ മൊബൈലുകളില്‍ പ്രത്യേക ആപ്ലിക്കേഷന്‍ ഉള്‍പ്പെടുത്തി.

ഈഗിള്‍ടണ്ണിന്റെ പൊലീസ് സുരക്ഷ യെദിയൂരപ്പ പിന്‍വലിച്ചപ്പോള്‍ രാത്രിക്കുരാത്രി എംഎല്‍എമാരെ കേരളത്തിലെത്തിക്കാന്‍ പദ്ധതികളൊരുക്കി. എന്നാല്‍ കേന്ദ്രം മൂന്ന് വിമാനങ്ങള്‍ക്ക് അനുമതി നിഷേധിച്ചപ്പോള്‍ എംഎല്‍എമാരെ സര്‍വ്വവിധ പ്രതിസന്ധികളും തരണം ചെയ്ത് റോഡുമാര്‍ഗം ഹൈദരാബാദിലേക്ക് മാറ്റി. തുടര്‍ന്ന് സുരക്ഷിതരായി അവരെ വിശ്വാസ വോട്ടെടുപ്പിനായി ബംഗളൂരുവിലുമെത്തിച്ചു.

ആനന്ദ് സിങ്, പ്രതാപ് ഗൗഡ എന്നീ എംഎല്‍എമാരുടെ തിരോധാനം ഇതിനിടെ കോണ്‍ഗ്രസിന് തലവേദന സൃഷ്ടിച്ചിരുന്നു. ഇരുവരും ബിജെപി പാളയത്തിലെത്തിയെന്ന് ആശങ്കയുണര്‍ന്ന സാഹചര്യത്തില്‍ ഡികെ രംഗത്തിറങ്ങി. ഫോണിലൂടെ ഇരുവരെയും ബന്ധപ്പെടാനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെടുന്നുണ്ടായിരുന്നു. ഒടുവില്‍ വിശ്വാസവോട്ടടെുപ്പിന് കേവലം രണ്ട് മണിക്കൂര്‍ മുന്‍പ് ഇരുവരെയും സഭയിലെത്തിച്ച് കന്നഡ രാഷ്ട്രീയത്തിലെ ഈ സമ്പന്ന നേതാവ് കയ്യടി നേടി.

നാലുദിവസത്തിനിടെ സ്വതന്ത്രന്‍മാര്‍ പലകുറി പെന്‍ഡുലം പോലെയാടി ബിജെപിയോട് അടുത്തുകൊണ്ടിരുന്നു. എന്നാല്‍ ഡികെ, മോദി-അമിത്ഷാ-യെദിയൂരപ്പ കൂട്ടുകെട്ടിന്റെ കുതന്ത്രങ്ങളെ മറികടന്ന് സ്വതന്ത്രരെ ഒപ്പമാക്കി. അവര്‍ ഒപ്പുവെച്ച പിന്‍തുണക്കത്ത് നേടിയെടുത്തു. കോണ്‍ഗ്രസ് പാളയത്തില്‍ നിന്നുമാത്രമല്ല സ്വതന്ത്രരെയും അടര്‍ത്തിയെടുക്കാന്‍ ബിജെപിക്ക് സാധിക്കാതിരുന്നത് ഡികെയുടെ ചടുലനീക്കങ്ങളെ തുടര്‍ന്നാണ്.

ഇതാദ്യമായല്ല ഇദ്ദേഹം കോണ്‍ഗ്രസിന്റെ കപ്പിത്താനായി രക്ഷയ്‌ക്കെത്തുന്നത്. ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പ് വേളയില്‍ അദ്ദേഹത്തിന്റെ രക്ഷാദൗത്യം രാജ്യം സാകൂതം വീക്ഷിച്ചിരുന്നു. അഹമ്മദ് പട്ടേല്‍ പാര്‍ലമെന്റിലെത്തുന്നത് എന്ത് വിലകൊടുത്തും തടയാനായിരുന്നു ബിജെപി നീക്കം. 59 അംഗങ്ങളുണ്ടായിരുന്ന കോണ്‍ഗ്രസില്‍ നിന്ന് എംഎല്‍എമാര്‍ കൊഴിഞ്ഞുകൊണ്ടിരുന്നു. അപകടം മണത്ത നേതൃത്വം കര്‍ണാടക മുഖ്യമന്ത്രിയായിരുന്ന സിദ്ധരാമയ്യയുടെ സഹായം തേടി.

അദ്ദേഹം വിശ്വസ്തനായ ഡികെയെ ദൗത്യം ഏല്‍പ്പിച്ചു. ഈഗിള്‍ ടണ്‍ റിസോര്‍ട്ടിന്റെ വാതിലുകള്‍ ഗുജറാത്ത് എംഎല്‍എമാര്‍ക്കായി തുറക്കപ്പെട്ടു. വോട്ടെടുപ്പ് ദിവസം എംഎല്‍എമാരെ സുരക്ഷിതമായി തിരിച്ചെത്തിച്ചതോടെ അഹമ്മദ് പട്ടേല്‍ വിജയിച്ചുകയറി. പണവും ആള്‍ബലവുമുള്ള  ഈ നേതാവിനെ എന്‍ഫോഴ്‌സ്‌മെന്റിനെ ഇറക്കി കേന്ദ്രം വേട്ടയാടിയതിനും കര്‍ണാടക സാക്ഷിയായിട്ടുണ്ട്. കര്‍ണാടകയിലെ ത്രസിപ്പിക്കുന്ന രാഷ്ട്രീയക്കളിയുടെ മാന്‍ ഓഫ് ദ മാച്ചായ ഡികെ ശിവകുമാര്‍ ഉപമുഖ്യമന്ത്രിയാകുമോയെന്നാണ്‌ ഇനി അറിയേണ്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here