മെഡിക്കല്‍ വിദ്യാര്‍ത്ഥിയെ ഡോക്ടര്‍ പീഡിപ്പിച്ചു

ന്യൂഡല്‍ഹി: ഇരുപത്തിയൊന്നുകാരിയായ മെഡിക്കല്‍ വിദ്യാര്‍ത്ഥിയെ ഡോക്ടര്‍ ബലാത്സംഗം ചെയ്തു. ഡല്‍ഹിയിലെ ബരാ ഹിന്ദു റാവു ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെയാണ് ഗുരുതര ആരോപണം ഉയര്‍ന്നിരിക്കുന്നത്. പെണ്‍കുട്ടിയുടെ പരാതിയില്‍ പൊലീസ് ഡോക്ടറെ അറസ്റ്റ് ചെയ്തു.

ഒരു മാസം മുമ്പാണ് ജനറല്‍ മെഡിസില്‍ വിഭാഗത്തില്‍ ഇന്റേണിയായി പെണ്‍കുട്ടി ആശുപത്രിയിലെത്തിയത്. അന്ന് മുതല്‍ പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിക്കാന്‍ ഡോക്ടര്‍ ശ്രമിച്ചിരുന്നു. ചൊവ്വാഴ്ച രാത്രി ഭക്ഷണം കഴിക്കാനായി പെണ്‍കുട്ടിയെ ഡോക്ടര്‍ ആശുപത്രി മുറിയിലേക്ക് ക്ഷണിക്കുകയായിരുന്നു.

അടുത്തുള്ള താമസസ്ഥലത്ത് നിന്നും പെണ്‍കുട്ടി പെട്ടെന്ന് തന്നെ ഡോക്ടറുടെ റൂമിലെത്തുകയും ചെയ്തു. എന്നാല്‍ അവിടെയെത്തിയത് മുതല്‍ ഡോക്ടര്‍ പെണ്‍കുട്ടിയോട് മോശമായി പെരുമാറാന്‍ തുടങ്ങി. തുടര്‍ന്ന് വാതില്‍ കുറ്റിയിട്ട ഡോക്ടര്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.

ബലാത്സംഗം ചെയ്ത വിവരം പുറത്തുപറഞ്ഞാല്‍ നെഗറ്റീവ് മാര്‍ക്ക് നല്‍കുമെന്ന് ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തിന് ശേഷം തിരിച്ച് റൂമിലെത്തിയ പെണ്‍കുട്ടി കൂടെ താമസിക്കുന്നവരോട് സംഭവം വിവരിച്ചു.

അവരാണ് പരാതി നല്‍കാന്‍ പെണ്‍കുട്ടിയോട് നിര്‍ദ്ദേശിച്ചത്. തുടര്‍ന്ന് ബുധനാഴ്ച രാവിലെ സബ്‌സി മന്‍ഡി പൊലീസ് സ്റ്റേഷനിലെത്തി പെണ്‍കുട്ടി പരാതി നല്‍കുകയായിരുന്നു. പെണ്‍കുട്ടിയുടെ പരാതിയില്‍ കേസെടുത്ത പൊലീസ് ഡോക്ടറെ അറസ്റ്റ് ചെയ്തു. ഇയാള്‍ മറ്റ് ഇന്റേണികളെ പീഡിപ്പിച്ചിട്ടുണ്ടോയെന്നുള്ള അന്വേഷണത്തിലാണ് പൊലീസ്.

LEAVE A REPLY

Please enter your comment!
Please enter your name here