നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയെ ഡോക്ടര്‍ പീഡിപ്പിച്ചു

കോയമ്പത്തൂര്‍: ട്രെയിനിംഗിനെത്തിയ പതിനേഴുകാരിയായ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ആശുപത്രി ചെയര്‍മാന്‍ അറസ്റ്റില്‍. 47 കാരനായ ഡോക്ടര്‍ രവീന്ദ്രനാണ് അനസ്‌തേഷ്യ നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.

സിംഗനെല്ലൂരിലെ എആര്‍ആര്‍ മെഡിക്കല്‍ സെന്ററിലാണ് സംഭവം. പെണ്‍കുട്ടിക്ക് ജോലിക്കിടെ പനി തോന്നിയതിനെത്തുടര്‍ന്ന് ഡോക്ടറോട് തന്റെ ആരോഗ്യനിലയെക്കുറിച്ച് പറഞ്ഞിരുന്നു.

പനിയ്ക്ക് മരുന്ന് നല്‍കുന്നുവെന്ന വ്യാജേന ഇയാള്‍ പെണ്‍കുട്ടിയ്ക്ക് ഇഞ്ചക്ഷന്‍ നല്‍കി. എന്തിനാണ് ഇഞ്ചക്ഷന്‍ എന്ന് അന്വേഷിച്ച പെണ്‍കുട്ടിയോട് വിറ്റാമിന്‍ മരുന്നാണെന്ന് ഡോക്ടര്‍ പറഞ്ഞു.

തുടര്‍ന്ന് മയക്കം അനുഭവപ്പെട്ട പെണ്‍കുട്ടിയെ ഇയാള്‍ പീഡിപ്പിക്കുകയായിരുന്നു. കൊടൈക്കനാല്‍ സ്വദേശിനിയായ പെണ്‍കുട്ടി ഡിണ്ടിഗലിലെ ഒരു സ്വകാര്യ നഴ്‌സിംഗ് കോളേജ് വിദ്യാര്‍ത്ഥിനിയാണ്.

ഏതാനും ആഴ്ചകള്‍ക്ക് മുന്‍പാണ് എആര്‍ആര്‍ മെഡിക്കല്‍ സെന്ററില്‍ പ്രാക്ടിക്കല്‍ ട്രെയിനിംഗിനായി പെണ്‍കുട്ടി എത്തിയത്. പീഡനത്തിന് ശേഷം ഇയാള്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

എന്നാല്‍ പെണ്‍കുട്ടി സംഭവം ചൈല്‍ഡ്‌ലൈനില്‍ വിളിച്ച് അറിയിച്ചു. ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരാണ് സംഭവം പോലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. പൊലീസ് ഇയാള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു.

മറ്റ് നഴ്‌സിംഗ് വിദ്യാര്‍ത്ഥികളും ഡോക്ടര്‍ക്കെതിരെ സമാനമായ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. 

LEAVE A REPLY

Please enter your comment!
Please enter your name here