അമ്മ മരിച്ചതറിയാതെ മൂന്ന് മക്കള്‍ യാത്ര തുടര്‍ന്നു- വനിതാഡോക്ടര്‍ തൃശ്ശൂര്‍ ട്രാക്കില്‍ മരിച്ച നിലയില്‍

മുളങ്കുന്നത്തുകാവ്: വനിതാഡോക്ടര്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു. രാവിലെ ഉറക്കമുണര്‍ന്ന കുഞ്ഞുങ്ങള്‍ അമ്മയെ കാണാതെ നിലവിളിച്ചു കരയുമ്പോഴാണ് സംഭവം സഹയാത്രികരറിഞ്ഞത്. പത്തനംതിട്ട കൂടല്‍ മുരളീസദനത്തില്‍ ഡോ. അനൂപ് മുരളീധരന്റെ ഭാര്യ ഡോ. തുഷാര(38) യാണ് മരിച്ചത്. തിരുവനന്തപുരത്തു നിന്നു മംഗളൂരുവിലേയ്ക്കു പോയ മലബാര്‍ എക്‌സ്പ്രസില്‍ ചൊവ്വാഴ്ച രാത്രിയാണ് ദാരുണസംഭവം ഉണ്ടായത്. കണ്ണൂരിലെ സ്വന്തം വീട്ടിലേക്ക് മൂന്നു മക്കളെയും സഹായിയായ സ്ത്രീയെയും കൂട്ടി പോവുകയായിരുന്നു തുഷാര. ചെങ്ങന്നൂരില്‍ നിന്നു ഭര്‍ത്താവ് ഡോ: അനുപ് ആണ് ഇവരെ ട്രെയിന്‍ കയറ്റിവിട്ടത്. റിസര്‍വേഷന്‍ കോച്ചിലായിരുന്നു യാത്ര. മക്കളെ ഉറക്കികിടത്തിയതിന് ശേഷം തുഷാരയും ഉറങ്ങാന്‍ കിടന്നിരുന്നു. എന്നാല്‍ രാവിലെ ഉണര്‍ന്നപ്പോള്‍ അമ്മയെ കാണാഞ്ഞ് കുട്ടികള്‍ കരയാന്‍ തുടങ്ങി. സഹയാത്രികര്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല. യാത്രക്കാരില്‍ ഒരാള്‍ കുട്ടികളുടെ കൈയില്‍ നിന്നു കണ്ണൂരിലുള്ള ബന്ധുവിന്റെ നമ്പര്‍ വാങ്ങി കുട്ടികളെ അവരെ ഏല്‍പ്പിക്കുകയായിരുന്നു. ബന്ധുക്കള്‍ റെയില്‍വേ പോലീസില്‍ അറിയിച്ചതിനെ തുടര്‍ന്നു നടത്തിയ തിരിച്ചിലിലാണു തൃശ്ശൂര്‍ കോലഴി പോട്ടോറില്‍ റെയില്‍പ്പാളത്തില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്. രാത്രി ടോയ്‌ലറ്റില്‍ പോയപ്പോള്‍ അബദ്ധത്തില്‍ പുറത്തേക്ക് വീണതാകാമെന്നാണ് വിയ്യൂര്‍ പോലീസിന്റെ നിഗമനം.

LEAVE A REPLY

Please enter your comment!
Please enter your name here