ആ കുഞ്ഞിനെ ഡോക്ടര്‍മാര്‍ കയ്യൊഴിഞ്ഞു

ലണ്ടന്‍: മസ്തിഷ്‌കത്തിന് തകരാര്‍ സംഭവിച്ച പതിനൊന്ന് മാസം പ്രായമുള്ള ആണ്‍ കുട്ടിയുടെ ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ നീക്കം ചെയ്യാന്‍ കോടതി വിധി. ജനനസമയത്ത് ആവശ്യത്തിന് ഓക്‌സിജന്‍ ലഭിക്കാതെ മസ്തിഷ്‌കത്തിന് തകരാര്‍ സംഭവിച്ച കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ സാധിക്കില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ സാഹചര്യത്തിലാണ് ഹൈക്കോടതി ഈ വിധി പുറപ്പെടുവിപ്പിച്ചത്. ഇസയ്യാ ഹാസ്ട്രാപ്പ് എന്ന ആണ്‍കുട്ടി വെന്റിലേറ്ററിന്റെ സഹായത്തോടെ ഇപ്പോള്‍ ഐസിയുവിലാണ് കഴിയുന്നത്. ഇപ്പോഴുള്ള രീതിയില്‍ ചികിത്സ തുടരുന്നത് പ്രയോജനം ചെയ്യില്ലെന്നും കുട്ടിയോട് ചെയ്യുന്ന ഏറ്റവും വലിയ ദ്രോഹമായിരിക്കുമെന്നും ഡോക്ടര്‍മാര്‍ വിധിയെഴുതി. ലണ്ടനിലെ കിംഗ്‌സ് കോളേജ് ആശുപത്രിയിലെ ഡോക്ടര്‍മാരാണ് ഇസയ്യാ ഹാസ്ട്രാപ്പിന്റെ നിലവിലെ സ്ഥിതി വ്യക്തമാക്കിയത്. കുട്ടി ജനിച്ചത് തന്നെ വളരെ ഗുരുതരമായ വൈകല്യവുമായിട്ടായിരുന്നുവെന്ന് ആശുപത്രിക്ക് വേണ്ടി ഹാജരായ ബാരിസ്റ്റര്‍ ഫിയോണ പാറ്റേഴ്‌സണ്‍ കോടതിയെ അറിയിച്ചു. ജനനസമയത്ത് ഓക്‌സിജന്‍ ലഭിക്കാതെ തലച്ചോറിനുണ്ടായ തകരാറാണ് കുട്ടിയുടെ അവസ്ഥയ്ക്ക് കാരണമെന്ന് ഇദ്ദേഹം അറിയിച്ചു. അബോധാവസ്ഥയില്‍ കഴിയുന്ന കുട്ടിക്ക് സ്വയം ശ്വസിക്കാനുള്ള കഴിവു പോലുമില്ലാത്തതിനാല്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നതെന്നും അദ്ദേഹം കോടതിയില്‍ വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തില്‍ കുട്ടിക്ക് പാലിയേറ്റീവ് കെയര്‍ നല്‍കാനും ഉപകരണങ്ങള്‍ നീക്കം ചെയ്യാനും കോടതി വിധിച്ചു. ചികിത്സ തുടരുന്നത് ശരിയാവില്ലെന്ന നിഗമനത്തിലാണ് കോടതി എത്തിയിരിക്കുന്നതെന്നും വേദനയോടെയാണെങ്കിലും ഇതാണ് തന്റെ വിധി പ്രസ്താവമെന്നും ജസ്റ്റിസ് മക്‌ഡൊണാള്‍ഡ് വിധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here