മസ്തിഷ്‌കത്തില്‍ വായു അറ

അയര്‍ലന്റ് :84 വയസ്സുകാരന്റെ മസ്തിഷ്‌കത്തിന്റെ സ്‌കാന്‍ റിപ്പോര്‍ട്ട് കണ്ട് ഡോക്ടര്‍മാര്‍ പകച്ചു പോയി. ഇയാളുടെ വലതു മസ്തിഷ്‌കത്തിന്റെ തലയോട്ടിയില്‍ വലിയൊരു വായു അറ. ഉത്തര അയര്‍ലന്റിലാണ് ഈ അപൂര്‍വമായ സംഭവം അരങ്ങേറിയത്.

സമനില തെറ്റി സ്ഥിരമായി നിലത്ത് വീഴുന്നതിനെ തുടര്‍ന്നായിരുന്നു വൃദ്ധനെ ബന്ധുക്കള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വൃദ്ധന്റെ ഇടത് കൈയും കാലും തളര്‍ന്ന നിലയിലായിരുന്നു. വല്ലപ്പോഴും മദ്യപിക്കാറുണ്ടായിരുന്ന വൃദ്ധന് മറ്റ് ദുശ്ശീലങ്ങളൊന്നുമുണ്ടായിരുന്നില്ല.

പരിശോധനയില്‍ ശരീരത്തിലെ മറ്റ് അവയവങ്ങള്‍ക്ക് പ്രായത്തിന്റെതായ തെയ്മാനങ്ങള്‍ മാത്രമേ സംഭവിച്ചിട്ടുള്ളു. ഇടതു കൈയ്യും കാലും തളര്‍ന്ന് പോയതിന് പിന്നിലെ കാരണം അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് വൃദ്ധന്റെ മസ്തിഷ്‌കം എംആര്‍ഐ സ്‌കാന്‍ നടത്താന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചത്.

സ്‌കാനിംഗ് റിപ്പോര്‍ട്ട് കണ്ട ഡോക്ടര്‍മാര്‍ ഞെട്ടി. വലതു മസ്തിഷ്‌കത്തില്‍ വലിയൊരു വായു അറ. ഇതിനുള്ളില്‍ വായു നിറഞ്ഞ് കിടക്കുന്നു. സാധാരണയായി മസ്തിഷ്‌ക ശസ്ത്രക്രിയ നടത്തിയവരിലും തലയ്ക്ക് പരിക്ക് പറ്റിയവരിലും ദ്വാരങ്ങള്‍ കണ്ടെത്താറുണ്ടെങ്കിലും അവ വളരെ ചെറുതായിരിക്കും.

ഇത്രയും വലിയ ഒരു ഭാഗം വായു അറയായി കാണുന്നത് ആപൂര്‍വമാണ്. ഇതിന് പിന്നിലെ കാരണം കണ്ടെത്താനാവാതെ കുഴങ്ങുകയാണ് അയര്‍ലാന്‍ഡിലെ ഡോക്ടര്‍മാരുടെ സംഘം.

മസ്തിഷ്‌ക ആഘാതങ്ങളുടെ ഭാഗമായി ചെറിയ ദ്വാരങ്ങള്‍ രൂപപ്പെടാമെന്നും പിന്നീട് രോഗി ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴോ ഇവ പതിയെ പതിയെ വികസിച്ച് വന്നതാകാമെന്നും ഡോക്ടര്‍മാര്‍ പറയുന്നു, വൃദ്ധന് ഒരു തവണ ചെറിയ തോതില്‍ മസ്തിഷ്‌കാഘാതം വന്നിരുന്നു.

ഇത്തരം അറകളില്‍ വൈറസ് ബാധ കടന്ന് വരാനുള്ള സാധ്യത അധികമായത് കൊണ്ട് തന്നെ ഉടനടി ശസ്ത്രക്രിയക്ക് വിധേയമാക്കുന്നത് പ്രായോഗികമല്ല. അതിനാല്‍ രോഗിയുടെ തുടര്‍ ചികിത്സയെക്കുറിച്ചുള്ള ആലോചനയിലാണ് ഡോക്ടര്‍ സംഘം.

LEAVE A REPLY

Please enter your comment!
Please enter your name here