മോര്‍ച്ചറിയിലെ മൃതദേഹം തെരുവ് നായകള്‍ ഭക്ഷിച്ചു

അലിഗഡ് :മോര്‍ച്ചറിയില്‍ പ്രവേശിപ്പിച്ച മൃതദേഹം തെരുവ് പട്ടികള്‍ കടിച്ച് കൊണ്ടു പോയി ഭക്ഷിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നു. ഉത്തര്‍പ്രദേശിലെ അലിഗഡിലെ ഒരു മോര്‍ച്ചറിക്ക് മുന്നില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്ത് വന്നത്. മൊബൈല്‍ ക്യാമറയില്‍ ചിത്രീകരിച്ച ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ വഴി വ്യാപകമായാണ് പ്രചരിക്കപ്പെടുന്നത്.

ഇത് അത്യന്തം മനുഷ്യത്വ വിരുദ്ധമായ പ്രവൃത്തിയാണെന്നും സംഭവത്തിന് പിന്നിലെ കുറ്റവാളികളെ രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്നും അലിഗഡിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. എംഎല്‍ അഗര്‍വാള്‍ വ്യക്തമാക്കി. സംഭവം വിവാദമായതിനെ തുടര്‍ന്ന് രണ്ട് മോര്‍ച്ചറി ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

മോര്‍ച്ചറിക്ക് അകത്ത് കയറി ചെന്ന് പട്ടികള്‍ മൃതദേഹം പുറത്തേക്ക് വലിച്ചിഴച്ച് കൊണ്ടു പോയി ഭക്ഷിക്കുകയായിരുന്നുവെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ ഈ വീഡിയോ ആരാണ് എടുത്തതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഇതാദ്യമായല്ല ഉത്തര്‍പ്രദേശിലെ മോര്‍ച്ചറികളില്‍ ഇത്തരത്തിലുള്ള സംഭവങ്ങള്‍ അരങ്ങേറുന്നത്.

കഴിഞ്ഞ വര്‍ഷം ആഗസ്ത് മാസത്തില്‍ ലഖ്‌നൗവിലെ രാം മനോഹര്‍ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ വെച്ച് ഒരു സ്ത്രീയുടെ മൃതദേഹം സമാനമായ രീതിയില്‍ തെരുവ് നായകള്‍ കടിച്ച് കൊണ്ടു പോയിരുന്നു.

വിഷം കഴിച്ചതിനെ തുടര്‍ന്നായിരുന്നു ഈ സ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. കുറച്ച് നിമിഷങ്ങള്‍ക്കകം ഈ സ്ത്രീ മരണപ്പെട്ടു. ഡോക്ടര്‍മാര്‍ മൃതദേഹം മോര്‍ച്ചറിയിലേക്കയച്ചു. പിറ്റേ ദിവസം ബന്ധുക്കള്‍ മൃതദേഹം സ്വീകരിക്കാന്‍ വരുമ്പോഴേക്കും തെരുവ് നായ്ക്കള്‍ ഇത് വികൃതമാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here