കൈകോര്‍ത്ത് കിം ജോങ്ങും ട്രംപും; ഉറ്റുനോക്കി ലോകം

സിംഗപ്പൂര്‍ : ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിനെ വാഴ്ത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കിം വ്യത്യസ്തനും നല്ലയാളുമാണെന്ന് ട്രംപ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മികച്ച രാജ്യമാകാനുള്ള സര്‍വ്വ ശേഷിയുള്ള രാജ്യമാണ് ഉത്തരകൊറിയ.

ആണവായുധങ്ങള്‍ പൂര്‍ണ്ണമായി ഉപേക്ഷിച്ചാല്‍ രാജ്യാന്തര വാണിജ്യമേഖലയില്‍ ഉത്തരകൊറിയയ്ക്ക് അതിരില്ലാത്ത നേട്ടം സ്വന്തമാക്കാം. ചരിത്രത്തിലെ നിര്‍ണ്ണായക ദിനമാണിന്ന്. ചര്‍ച്ചയില്‍ കഠിനമായ മണിക്കൂറുകളാണ് കടന്നുപോയത്. കൂടിക്കാഴ്ച സത്യസന്ധവും ഏറെ ഗുണഫലങ്ങളുള്ളതുമായിരുന്നു. താന്‍ തുടങ്ങിയിട്ടേയുള്ളൂ.

ഈ സൗഹൃദനീക്കം സമ്പൂര്‍ണ്ണ വിജയത്തിലെത്തിക്കാനാണ് തീരുമാനം. ചര്‍ച്ച പ്രതീക്ഷിച്ചതിലേറെ ഫലപ്രാപ്തിയിലെത്തിയെന്നും ട്രംപ് പറഞ്ഞു. രാജ്യത്തെ മിസൈല്‍ പരീക്ഷണകേന്ദ്രം നശിപ്പിക്കുമെന്ന് കിം വാക്കുനല്‍കിയതായി ട്രംപ് വ്യക്തമാക്കി. ഇതിന്റ വിശദാംശങ്ങള്‍ വൈകാതെ പുറത്തുവിടും.

ധാരണാപത്രം ഒപ്പിട്ടതിന് പിന്നാലെയാണ് ഇതുസംബന്ധിച്ച് കിം ഉറപ്പ് നല്‍കിയതെന്ന് ട്രംപ് വ്യക്തമാക്കി. ഉത്തരകൊറിയയുടെ കയ്യിലുള്ള ആണവായുധങ്ങള്‍ പ്രശ്‌നമല്ലെന്ന് വ്യക്തമാക്കിയാല്‍ രാജ്യത്തിനെതിരായ ഉപരോധങ്ങള്‍ പിന്‍വലിക്കും.

ആ രാജ്യത്തിനെതിരെ പ്രയോഗിക്കാന്‍ 300 ശക്തമായ ഉപരോധങ്ങളുടെ പട്ടിക തയ്യാറാക്കിയിരുന്നു. എന്നാല്‍ ഇനി അത് പ്രയോഗിക്കുന്നത് ആ രാജ്യത്തെ അപമാനിക്കുന്നതിന് തുല്യമാണെന്നും ട്രംപ് പറഞ്ഞു.

ആണവനിരായുധീകരണം ഏറെ ദിവസങ്ങളെടുത്തേ പൂര്‍ത്തിയാക്കാനാകൂവെന്നും ട്രംപ് പറഞ്ഞു. ആവശ്യമായ സമയത്ത് കിമ്മിനെ വൈറ്റ് ഹൗസിലേക്ക് ക്ഷണിക്കുമെന്നും കിമ്മുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ട്രംപ് വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here