’21 കോടിയുടെ ഭാഗ്യവാന്‍ താനല്ല’

അബുദാബി : 21 കോടിയുടെ അബുദാബി ബിഗ് ടിക്കറ്റ് അടിച്ചയാളെന്ന് തെറ്റിദ്ധരിച്ച് ജോണ്‍ വര്‍ഗീസ് എന്ന മലയാളിക്ക് അഭിനന്ദന പ്രവാഹം. ഒടുവില്‍ താനല്ല ആ ഭാഗ്യവാനെന്നും ഇനിയാരും ആശംസകളറിയിക്കാന്‍ വിളിക്കരുതെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റിടേണ്ടി വന്നിരിക്കുകയാണ് ഇദ്ദേഹത്തിന്.

കഴിഞ്ഞ ദിവസമാണ് അബുദാബി ബിഗ്ടിക്കറ്റിന്റെ ഫലപ്രഖ്യാപനമുണ്ടായത്. ഇന്ത്യക്കാരനായ ജോണ്‍ വര്‍ഗീസിനാണ് 21 കോടിയുടെ സമ്മാനം അടിച്ചത്. ഇതോടെയാണ് ആളുകള്‍ അബുദാബിയില്‍ കഴിയുന്ന മലയാളി ജോണ്‍ വര്‍ഗീസാണ് ഭാഗ്യവാനെന്ന് തെറ്റിദ്ധരിച്ച് ആശംസയര്‍പ്പിക്കല്‍ തുടങ്ങിയത്.

ഇതോടെ അദ്ദേഹം ഫെയ്‌സ്ബുക്കില്‍ ഇങ്ങനെ കുറിച്ചു. ‘പ്രിയമുള്ളവരെ, ബിഗ് ടിക്കറ്റ് ഞാനും എടുത്തിരുന്നു. അടിച്ചിരിക്കുന്നത് എനിക്കല്ല, നമ്പര്‍ വ്യത്യസ്തമാണ്. ആശംസകള്‍ അറിയിച്ചവര്‍ക്ക് നന്ദി. ദൈവത്തെയോര്‍ത്ത് ഇനിയാരും വിളിക്കരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു.’

അബുദാബി ഖാലിദിയ്യയിലെ ഷെറാട്ടണ്‍ ഹോട്ടലില്‍ ഔട്ട്‌ലെറ്റ് മാനേജരായി ജോലി ചെയ്ത് വരികയാണ് ഇദ്ദേഹം. പുതുപ്പള്ളി സ്വദേശിയാണ്. കഴിഞ്ഞദിവസം കാറോടിച്ച് വരുമ്പോഴാണ് അടുത്ത സുഹൃത്ത് വിളിക്കുന്നത്. ബിഗ് ടിക്കറ്റിലെ 21 കോടി അടിച്ചത് തനിക്കാണെന്നും പറഞ്ഞ് അഭിനന്ദിച്ചു.

അപ്പോള്‍ ശരിക്കും ഞെട്ടലുണ്ടായി. സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞുപോയി. പക്ഷേ പറ്റിക്കാന്‍ പറഞ്ഞതാണോയെന്ന് സംശയം തോന്നി. പക്ഷേ പിന്നീട് തുരുതുരാ അഭിനന്ദന കോളുകളായിരുന്നു. കഴിഞ്ഞ 5 മാസമായി ടിക്കറ്റെടുക്കാറുണ്ട്. തത്സമയ നറുക്കെടുപ്പും കാണാറുണ്ടായിരുന്നു.

പക്ഷേ ഇത്തവണ കഴിഞ്ഞിരുന്നില്ല. സൈറ്റില്‍ കയറി പരിശോധിച്ചപ്പോള്‍ പേരിലെ അക്ഷരങ്ങളെല്ലാം ശരിയാണ്. ഉടന്‍ ബിഗ് ടിക്കറ്റ് ഓഫീസിലേക്ക് വിളിച്ചപ്പോഴാണ് അത് മറ്റൊരു ജോണ്‍ വര്‍ഗീസ് ആണെന്ന് അറിഞ്ഞത്.

എന്നിട്ടും കോളുകള്‍ക്ക് കുറവുണ്ടായില്ല. ബാങ്ക് ലോണ്‍ അടവ്, ചികിത്സാ സഹായം എന്നിവ അഭ്യര്‍ത്ഥിച്ചടക്കം നിരവധി പേരാണ് വിളിച്ചത്. ഇതോടെയാണ് ആ ഭാഗ്യവാന്‍ താനല്ലെന്ന് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിടേണ്ടി വന്നതെന്നും ഇദ്ദേഹം വ്യക്തമാക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here