മകന്റെ പേരില്‍ വര്‍ഗ്ഗീയത പടര്‍ത്തരുത്

ഡല്‍ഹി :മുസ്‌ലിം പെണ്‍കുട്ടിയെ സ്‌നേഹിച്ചതിന് നടുറോഡില്‍ കൊല ചെയ്യപ്പെട്ട അങ്കിത് സക്‌സേനയുടെ പിതാവിന്റെ വാക്കുകള്‍ ഏവരേയും കണ്ണീരിലാഴ്ത്തും. കഴിഞ്ഞ വ്യാഴാഴ്ച പടിഞ്ഞാറന്‍ ഡല്‍ഹിയിലെ രഘുവീര്‍ നഗറിലെ റോഡില്‍ വെച്ചാണ് അങ്കിത് സക്‌സേന എന്ന 23 വയസ്സുകാരനെ കാമുകിയുടെ പിതാവും അമ്മാവനും സഹോദരനും ചേര്‍ന്ന് കഴുത്ത് മുറിച്ച് കൊലപ്പെടുത്തിയത്.

സംഭവം ഉയര്‍ത്തി പിടിച്ച് വര്‍ഗ്ഗീയത ആളിക്കത്തിക്കാന്‍ ചില സംഘടനകള്‍ രംഗത്ത് വന്നതോട് കൂടിയാണ് കൊല്ലപ്പെട്ട യുവാവിന്റെ പിതാവ് യശ്പാല്‍ സക്‌സേന തന്റെ നിലപാടുമായി രംഗത്ത് വന്നത്.

ജീവിതത്തില്‍ സംഭവിച്ചിരിക്കുന്ന നഷ്ടത്തില്‍ താന്‍ അതീവ ദുഖിതനാണെന്നും എന്നാല്‍ ഇതിന്റെ പേരില്‍ ഒരു തരത്തിലുള്ള വിദ്വേഷ പരാമര്‍ശങ്ങളും നടത്തുവാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും യശ്പാല്‍ വ്യക്തമാക്കി.പണ്ട് തൊട്ടെ എല്ലാ മതവിശ്വാസികളെയും ഞാന്‍ ഒരു പോലെയാണ് കണ്ടത്. ഏതാനും പേര്‍ ചെയ്ത തെറ്റിന് മുഴുവന്‍ സമുദായംഗങ്ങളെയും ആക്ഷേപിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനങ്ങള്‍ക്കിടയില്‍ മതസ്പര്‍ദ്ധ വളര്‍ത്തുവാന്‍ എന്നേയും മകനേയും ഉപയോഗിക്കരുതെന്നും യശ്പാല്‍ ഏവരോടും അഭ്യര്‍ത്ഥിച്ചു.

നടുറോഡില്‍ കൂടി നിന്ന ആരെങ്കിലും മകനെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചിരുന്നെങ്കില്‍ ഒരു പക്ഷെ അവന്‍ ഇന്നും ജീവനോടെ ഉണ്ടായേനെയെന്നും ആ പിതാവ് പറയുമ്പോള്‍ അദ്ദേഹത്തിന്റെ തൊണ്ട ഇടറി.

മകന്റെ കൊലപാതകത്തിന് കാരണക്കാരായവരെ ശിക്ഷിക്കുവാന്‍ ഏതറ്റവരെയും പോകുമെന്നും യശ്പാല്‍ കണ്ണീരോടെ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here