ഡോ. ബീന വധം ചുരുളഴിച്ച് പൊലീസ്

സൂററ്റ് : വനിതാ ഡോക്ടറുടെ കൊലപാതകം ചുരുളഴിച്ച് പൊലീസ്. കാമുകനാണ് 35 കാരിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് കണ്ടെത്തി. ഡോ. ബീന വിരാനിയാണ് ക്രൂരമായി കൊല്ലപ്പെട്ടത്. കാമുകന്‍ സഞ്ജയ് ഡബോറിയയെ പൊലീസ് അറസ്റ്റ് ചെയ്തു.

ഗുജറാത്തിലെ സൂററ്റിലാണ് നിഷ്ഠൂരമായ കൃത്യം അരങ്ങേറിയത്. ഏപ്രില്‍ 27 ന് ബീനയെ കാണാതായിരുന്നു. അടുത്ത ദിവസം മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ. ഡോ. നിലേഷിന്റെ ഭാര്യയായിരുന്നു ഡോ. ബീന വിരാനി.

എന്നാല്‍ ബീനയ്ക്ക് സഞ്ജയ് എന്നൊരാളുമായി അടുപ്പമുണ്ടായിരുന്നു. ഏപ്രില്‍ 27 ന് ബീന അമ്മയ്‌ക്കൊപ്പം മാര്‍ക്കറ്റില്‍ പോയി. ഈ സമയം സഞ്ജയ് ഫോണില്‍ വിളിച്ചു. ഇതേതുടര്‍ന്ന് അമ്മയെ ഓട്ടോയില്‍ വീട്ടിലേക്ക് അയച്ച ബീന യുവാവിനെ കാണാനായി മറ്റൊരു സ്ഥലത്തേക്ക് തിരിച്ചു.

ഒരു അടിയന്തര ആവശ്യമുണ്ടെന്ന് പറഞ്ഞാണ് ബീന പോയത്. സഞ്ജയ് തന്റെ ഫാക്ടറിയിലേക്കായിരുന്നു ബീനയെ ക്ഷണിച്ചത്. എന്നാല്‍ ഇവിടെവെച്ച് വഴക്കുണ്ടായി. തന്നെ വിവാഹം കഴിക്കണമെന്ന ബീനയുടെ ആവശ്യം സഞ്ജയ് നിരാകരിച്ചതോടെയാണ് പ്രശ്‌നങ്ങളാരംഭിച്ചത്.

തര്‍ക്കത്തിനൊടുവില്‍ സഞ്ജയ് ബീനയെ കഴുത്തില്‍ വയര്‍കുരുക്കി കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് വാഗായ് എന്ന സ്ഥലത്തെ ആളൊഴിഞ്ഞ മേഖലയില്‍ കുറ്റിക്കാടുകള്‍ ഉള്ള പ്രദേശത്ത് മൃതദേഹം ഉപേക്ഷിച്ചു.

ഇതിനിടെ യുവതിയെ കാണാനില്ലെന്ന് കാണിച്ച് നിലേഷ് പൊലീസില്‍ പരാതിപ്പെട്ടിരുന്നു. ഫോണില്‍ വിളിച്ചിട്ടും മറുപടിയില്ലാത്തതിനെ തുടര്‍ന്നാണ് പൊലീസിനെ സമീപിക്കുന്നത്. എന്നാല്‍ പിറ്റേന്ന് മൃതദേഹം കണ്ടെത്തി.

ഇതിനടുത്തുനിന്ന് കൊലപ്പെടുത്താന്‍ ഉപയോഗിച്ച വയറും പൊലീസിന് ലഭിച്ചു. അതേമസയം യുവതിയുടെ മൊബൈല്‍ കണ്ടെത്താനായിട്ടില്ല. ബീനയുടെ ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് സഞ്ജയ്‌ലേക്ക് പരിശോധനകള്‍ നീണ്ടത്.

തുടര്‍ന്ന് ഇയാളെ പൊലീസ് പിടികൂടുകയായിരുന്നു. ബീനയുടെ ഫോണും മൃതദേഹം ഉപേക്ഷിക്കാന്‍ ഉപയോഗിച്ച വാഹനവും കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

LEAVE A REPLY

Please enter your comment!
Please enter your name here