സ്വന്തമായി ആശുപത്രി തുടങ്ങുമെന്ന് കഫീല്‍ഖാന്‍

ഗോരഖ്പൂര്‍ : ഗോരഖ്പൂര്‍ ബിആര്‍ഡി ആശുപത്രിയില്‍ നിന്നുള്ള സസ്‌പെന്‍ഷന്‍ പിന്‍വലിക്കുന്നില്ലെങ്കില്‍ സ്വന്തമായി ക്ലിനിക്ക് തുടങ്ങുമെന്ന് ഡോ. കഫീല്‍ഖാന്‍. മസ്തിഷ്‌കവീക്കമുള്‍പ്പെടെ ചികിത്സിക്കാവുന്ന സൗകര്യങ്ങളോടെയുള്ളതായിരിക്കും ആശുപത്രി.

സൗജന്യ ചികിത്സയായിരിക്കുമെന്നും മരുന്നുള്‍പ്പെടെ ഒന്നിനും ക്ഷാമമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. എന്‍ജിഒകളുടെ സഹകരണത്തോടെ 500 കിടക്കകളുള്ള ആശുപത്രിയാണ് ആരംഭിക്കുക.

അതേസമയം ബിആര്‍ഡിയില്‍ നിന്നുള്ള സസ്‌പെന്‍ഷന്‍ പിന്‍വലിക്കുകയാണെങ്കില്‍ അതേ ആശുപത്രിയില്‍ പ്രവര്‍ത്തനം തുടരാന്‍ സന്നദ്ധനാണെന്നും അദ്ദേഹം അറിയിച്ചു. ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നടക്കം വിളികള്‍ വരുന്നുണ്ട്.

എന്നാല്‍ താന്‍ ഗോരഖ്പൂര്‍ വിട്ടുപോകില്ല. മസ്തിഷ്‌ക വീക്കത്തെ തുടര്‍ന്ന് നിരവധി കുരുന്നുകളാണ് ഇവിടെ കൊല്ലപ്പെടുന്നത്, ഡോക്ടര്‍മാര്‍ ഇവിടം വിട്ടുപോയാല്‍ മരണസംഖ്യയേറും.

എന്തുകൊണ്ടാണ് തനിക്ക് ഇങ്ങനെയൊക്കെ സംഭവിച്ചതെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനേ പറയാന്‍ കഴിയൂവെന്നും കഫീല്‍ ഖാന്‍ കൂട്ടിച്ചേര്‍ത്തു.
8 മാസത്തെ ജയില്‍വാസത്തിന് ശേഷം കഴിഞ്ഞയാഴ്ചയാണ് കഫീല്‍ ഖാന്‍ ജാമ്യത്തില്‍ ഇറങ്ങിയത്.

2017 ഓഗസ്‌ററ് 10,11 ദിവസങ്ങളിലായി ഗോരഖ്പൂര്‍ ബിആര്‍ഡി ആശുപത്രിയില്‍ 60 ലേറെ കുട്ടികള്‍ മരണപ്പെട്ടിരുന്നു. മസ്തിഷ്‌ക വീക്കത്തിന് ചികിത്സയിലുള്ളവരാണ് മരിച്ചത്.

ആവശ്യത്തിന് ഓക്‌സിജന്‍ ലഭ്യമല്ലാതിരുന്നതാണ് കൂട്ടശിശുമരണത്തിന് കാരണമായത്. എന്നാല്‍ ഇതിനുപിന്നാലെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് കഫീല്‍ഖാനെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കുകയായിരുന്നു.

തുടര്‍ന്ന് 8 മാസത്തോളം ജാമ്യം നിഷേധിച്ച് തടവില്‍ പാര്‍പ്പിച്ചു. അവധിയിലായിരുന്ന ഡോ. ഖാന്‍ അടിയന്തര സാഹചര്യം കണക്കിലെടുത്ത് ആശുപത്രിയിലേക്ക് ഓടിയെത്തുകയായിരുന്നു.

തുടര്‍ന്ന് സ്വന്തം കയ്യില്‍ നിന്ന് പണമെടുത്ത് അടുത്തുള്ള ആശുപത്രികളില്‍ നിന്നും സിലിണ്ടര്‍ കേന്ദ്രങ്ങളില്‍ നിന്നുമെല്ലാം ഓക്‌സിജന്‍ ലഭ്യമാക്കി. മസ്തിഷ്‌കവീക്കമുള്ളവര്‍ക്ക് തുടര്‍ച്ചയായി ഓക്‌സിജന്‍ ലഭ്യത ഉറപ്പുവരുത്തേണ്ടതുണ്ട്.

ഇതിലുണ്ടായ പരാജയമാണ് കൂട്ടശിശുമരണത്തില്‍ കലാശിച്ചത്. കുടിശ്ശിക തന്നില്ലെങ്കില്‍ ഓക്‌സിജന്‍ വിതരണം മുടങ്ങുമെന്ന് 19 തവണ അധികൃതര്‍ക്ക് കത്തയച്ചിരുന്നു. എന്നിട്ടും നടപടിയെടുക്കാത്തവരാണ് കുറ്റക്കാരെന്ന് കഫീല്‍ ഖാന്‍ പറഞ്ഞു.

തെറ്റ് ചെയ്തിട്ടില്ലെന്ന ഉറച്ച ബോധ്യമുണ്ടായിട്ടും സഹപ്രവര്‍ത്തകരുടെ വാക്കുകേട്ട് ഒളിവില്‍ പോയത് അബദ്ധമായി. സത്യം വിളിച്ചുപറയാതെ ജീവിതത്തില്‍ നിന്ന് ഒളിച്ചോടരുതെന്ന പാഠമാണ് താന്‍ ഇതില്‍ നിന്ന് പഠിച്ചെന്നും കഫീല്‍ ഖാന്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here