പൊലീസുകാര്‍ക്ക് കൈക്കൂലി നല്‍കാന്‍ ശ്രമിച്ച പ്രവാസി കുടുങ്ങി

ജുമൈറാഹ് :മയക്കുമരുന്ന് കേസില്‍ പിടിക്കപ്പെട്ട പ്രവാസി യുവാവ് തന്നെ വിട്ടയക്കുവാനായി പൊലീസുകാരന്‍ നല്‍കുവാന്‍ തുനിഞ്ഞത് ലക്ഷക്കണക്കിന് രൂപ. ദുബായിലെ ജുമൈറയിലാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ നടന്ന സംഭവത്തില്‍ കോടതിയില്‍ ഇപ്പോള്‍ വിചാരണ നടപടികള്‍ പുരോഗമിച്ചു വരികയാണ്.

27 വയസ്സുകാരനായ ആസ്‌ട്രേലിയന്‍ സ്വദേശിയാണ് അറസ്റ്റ് ചെയ്ത് കൊണ്ടു പോകവെ പൊലീസുകാര്‍ക്ക് ഭീമമായ തുക കൈക്കൂലി നല്‍കാന്‍ ശ്രമിച്ചത്. വര്‍ഷങ്ങളായി ഇയാള്‍ ദുബായില്‍ മയക്കുമരുന്ന് വില്‍പ്പന മേഖലയില്‍ ബ്രോക്കറായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ജുമൈറഹ്‌യിലെ ഇയാളുടെ വീട്ടില്‍ ആന്റി നാര്‍ക്കോട്ടിക് സംഘം നടത്തിയ റെയ്ഡിലാണ് പ്രതി പിടിയിലാവുന്നത്.

ആന്റി നാര്‍ക്കോട്ടിക് വിഭാഗത്തിലെ ഉദ്യോഗസ്ഥരായ മൂന്നംഗ സംഘമായിരുന്നു പ്രവാസി യുവാവ് താമസിക്കുന്ന ഫ്‌ളാറ്റില്‍ റെയ്ഡ് നടത്തിയത്. ഇതിനെ തുടര്‍ന്ന് സംഘം ഇയാളെ പിടികൂടി ഓഫീസിലേക്ക് യാത്ര തിരിച്ചു. ഈ യാത്രയ്ക്കിടയിലാണ് യുവാവ് തൊട്ടടുത്തിരിക്കുന്ന പൊലീസുകാരനോട് വില പേശാന്‍ ആരംഭിച്ചത്.

തന്നെ ഇപ്പോള്‍ വിട്ടയക്കുകയാണെങ്കില്‍ 50,000 ദര്‍ഹം തരാമെന്നായിരുന്നു യുവാവ് ആദ്യം പറഞ്ഞത്. എന്നാല്‍ ഉദ്യോഗസ്ഥന്‍ തന്റെ വാക്കുകള്‍ ചെവി കൊള്ളുന്നില്ലെന്ന് മനസ്സിലാക്കിയ യുവാവ് വില ഉയര്‍ത്താന്‍ തുടങ്ങി. 1,50,000 ദര്‍ഹം തരാമെന്ന് വരെ പ്രതി പൊലീസുകാരനോട് പറഞ്ഞു. അതായത് 27 ലക്ഷം രൂപ.

വിചാരണ വേളയില്‍ പ്രതി കുറ്റം നിഷേധിച്ചുവെങ്കില്‍ കോടതി യുവാവിനെ പ്രഥമ ദൃഷ്ട്യാ കുറ്റക്കാരനാണെന്ന് കണ്ടെത്തി. ഇയാളുടെ ശിക്ഷ ജൂണ്‍ 21 ന് വിധിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here