23 കാരിയെ വിമാനത്തില്‍ നിന്ന് പുറത്താക്കി

സിപ്രസ് : മദ്യലഹരിയില്‍ അസഭ്യവര്‍ഷം നടത്തിയ 23 കാരിയെ വിമാനത്തില്‍ നിന്ന് പുറത്താക്കി. ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററില്‍ നിന്ന് സിപ്രസിലേക്ക് പറന്ന ഈസിജെറ്റ് വിമാനത്തിലാണ് നാടകീയ സംഭവങ്ങളുണ്ടായത്. ഏതന്‍സില്‍ അടിയന്തരമായി വിമാനമിറക്കി യുവതിയുള്‍പ്പെടെ 4 പേരെ പുറത്താക്കുകയായിരുന്നു.

ഞാനൊരു ലൈംഗികത്തൊഴിലാളിയാകുന്നതാണോ നിങ്ങള്‍ക്ക് കാണേണ്ടതെന്ന് യുവതി മദ്യാലസ്യത്തില്‍ യാത്രക്കോരോട് ക്രുദ്ധയായി ചോദിക്കുന്നത് വീഡിയോയിലുണ്ട്. യുവതിയെ യാത്രക്കാര്‍ അടക്കിനിര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ 23 കാരി സീറ്റിലിരിക്കുകയും കരയുകയും ചെയ്യുന്നു.

തന്നെ ഇറക്കിവിട്ടാല്‍ താന്‍ ബലാത്സംഗം ചെയ്യപ്പെടുമെന്നും യുവതി പറയുന്നതും കാണാം. ഈ രംഗങ്ങള്‍ ചിത്രീകരിക്കാന്‍ ശ്രമിച്ചയാളോട് യുവതി അസഭ്യവര്‍ഷം നടത്തുകയും ചെയ്യുന്നു. വിമാനത്തില്‍ സംഘര്‍ഷാവസ്ഥയായതോടെ പൈലറ്റ് വിമാനം അടിയന്തരമായി എതന്‍സിലിറക്കുകയായിരുന്നു.

തുടര്‍ന്ന് യുവതിയുള്‍പ്പെടെ മദ്യലഹരിയിലായിരുന്ന 4 പേരെയും പുറത്താക്കി. വിമാനത്തില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചതിന് ഇവരെ ഏതന്‍സ് പൊലീസ് അറസ്റ്റ് ചെയ്തു. തുടര്‍ന്ന് വിമാനം സിപ്രസിലേക്ക് തിരിച്ചു. വിമാനത്തില്‍ പ്രവേശിക്കും മുന്‍പ് തന്നെ നാല്‍വര്‍ സംഘം മദ്യലഹരിയിലായിരുന്നു.

കൈവശം സൂക്ഷിച്ചിരുന്ന മദ്യം ഇവര്‍ വിമാനത്തില്‍ വെച്ച് കുടിക്കുന്നുമുണ്ടായിരുന്നുവെന്ന് സഹയാത്രികര്‍ വ്യക്തമാക്കി. യാതൊരു പ്രകോപനവുമില്ലാതെയാണ് ഇവര്‍ യാത്രക്കാരോട് കയര്‍ത്തതെന്നും ദൃക്‌സാക്ഷികള്‍ വിശദീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here