വിവാഹദിനത്തില്‍ വരന്‍ പൊലീസ് സ്റ്റേഷനില്‍

റൂര്‍ക്കേല : വരന്റെ കൂട്ടരും വധുവിന്റെ പക്ഷക്കാരും തമ്മിലുള്ള കൂട്ടത്തല്ലുമൂലം വിവാഹം മുടങ്ങി. ഒഡീഷയിലെ റൂര്‍ക്കേലയില്‍ ഞായറാഴ്ചയിരുന്നു നാടകീയ സംഭവങ്ങള്‍. വധുവിന്റെ കുടുംബത്തിന്റെ പരാതിയെ തുടര്‍ന്ന് വരനെയും സുഹൃത്തുക്കളെയും പൊലീസ്, കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ. തങ്കാര്‍പളി സ്വദേശി ആര്‍സുല്‍ പാണ്ഡെയുടെ മകളും ബന്ധാമുണ്ട സ്വദേശി ശങ്കര്‍ പാണ്ഡെയുമാള്ള വിവാഹമാണ് നിശ്ചയിച്ചിരുന്നത്. ഞായറാഴ്ച ശരണാഗരി ജഗന്നാഥ ക്ഷേത്രമായിരുന്നു വിവാഹ വേദി. വരനും കൂട്ടരും ആഘോഷപൂര്‍വം വിവാഹവേദിയിലെത്തി.

എന്നാല്‍ വരനും സുഹൃത്തുക്കളും മൂക്കുമുട്ടെ കുടിച്ച് മദ്യലഹരിയിലായിരുന്നു. ഇവര്‍ വധുവിന്റെ അമ്മയോടടക്കം അപമര്യാദയായി പെരുമാറി. ഇതേ തുടര്‍ന്ന് ഇരുകൂട്ടരും തമ്മില്‍ വാക്കേറ്റമാരംഭിച്ചു. വിഷയം കയ്യാങ്കളിയിലേക്ക് വഴിമാറിയതോടെ കല്യാണം മുടങ്ങി.

തുടര്‍ന്ന് വധുവിന്റെ കുടുംബവും ബന്ധുമിത്രാദികളും തങ്കാര്‍പളി പൊലീസ് സ്റ്റേഷന്‍ ഖരാവോ ചെയ്തു. വിവാഹം മുടങ്ങിയതിനാല്‍ വരന്റെ കുടുംബം നഷ്ടപരിഹാരം നല്‍കണമെന്നായിരുന്നു ഇവരുടെ ആവശ്യം.

കൂടാതെ മദ്യപിച്ച് മോശമായി പെരുമാറിയതിന് വരനും കൂട്ടുകാര്‍ക്കുമെതിരെ പരാതി നല്‍കുകയും ചെയ്തു. ഇതോടെ പൊലീസ് വരനെയും സുഹൃത്തുക്കളെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here