പ്രൊഫസര്‍ക്ക് വിദ്യാര്‍ത്ഥിനിയുടെ ചുട്ടയടി

ന്യൂഡല്‍ഹി : അശ്ലീല സന്ദേശങ്ങള്‍ അയയ്ക്കുകയും സ്വകാര്യ കൂടിക്കാഴ്ചയ്ക്ക് ക്ഷണിക്കുകയും ചെയ്ത പ്രൊഫസര്‍ക്ക് വിദ്യാര്‍ത്ഥിനിയുടെ മര്‍ദ്ദനം.ഡല്‍ഹി സര്‍വ്വകലാശാലയിലെ ഭാരതി കോളജ് പ്രൊഫസര്‍ക്കാണ് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയില്‍ നിന്ന് ചുട്ടയടി കിട്ടിയത്.

2017 സെപ്റ്റംബറില്‍ നടന്ന സംഭവത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ഒരു ക്ലാസ്മുറിയില്‍ വെച്ച് സഹ വിദ്യാര്‍ത്ഥിനികളുടെ സാന്നിധ്യത്തിലാണ് ഇയാളെ ചോദ്യം ചെയ്ത് പെണ്‍കുട്ടി മുഖത്ത് അടിക്കുന്നത്.

സുഹൃത്തുക്കള്‍ മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു. ഈ പെണ്‍കുട്ടിയുള്‍പ്പെടെ 5 പേര്‍ക്കാണ് ഇയാള്‍ മോശം ഭാഷയില്‍ സന്ദേശങ്ങള്‍ അയച്ചത്. കോളജിന് പുറത്ത് വെച്ച് സ്വകാര്യമായി കാണാന്‍ ഇയാള്‍ വിദ്യാര്‍ത്ഥിയോട് ആവശ്യപ്പെട്ടു.

എന്നാല്‍ ഒരു ക്ലാസ്മുറിയില്‍ വെച്ച് കാണാമെന്നായിരുന്നു വിദ്യാര്‍ത്ഥിനിയുടെ മറുപടി. ഇത്തരത്തില്‍ തന്ത്രപരമായി ഇയാളെ ക്ലാസ്മുറിയില്‍ എത്തിച്ച ശേഷം ചോദ്യം ചെയ്യുകയായിരുന്നു. സംഭവത്തില്‍ ഇയാള്‍ക്കെതിരെ ഇതുവരെ പരാതി നല്‍കിയിട്ടില്ല.

ഭാര്യയും കുട്ടിയും അടങ്ങുന്ന കുടുംബം തകരുമെന്ന് ഇയാള്‍ കേണപേക്ഷിച്ചതിനാല്‍ പെണ്‍കുട്ടികള്‍ പരാതി നല്‍കാതെ ഒഴിവാക്കുകയായിരുന്നു. എന്നാല്‍ ഇയാള്‍ അവിവാഹിതനാണെന്ന് വിദ്യാര്‍ത്ഥികള്‍ക്ക് പിന്നീടാണ് മനസ്സിലായത്. ഇതോടെ അവര്‍ ദൃശ്യങ്ങള്‍ പുറത്തുവിടുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here