മനുഷ്യത്വത്തിന്റെ മുഖമായി ഒരു ആശുപത്രി

ദുബായ് :ചികിത്സായിനത്തില്‍ ലഭിക്കേണ്ട മൂന്ന് കോടിയിലധികം രൂപ വേണ്ടെന്ന് വെച്ച് രോഗിയെ നാട്ടിലേക്ക് അയച്ച ദുബായിലെ ആശുപത്രി വാര്‍ത്തകളില്‍ നിറയുന്നു. ദുബായിലെ ഇന്റര്‍നാഷണല്‍ മോഡേണ്‍ ഹോസ്പിറ്റലാണ് കാരുണ്യം നിറഞ്ഞ പ്രവൃത്തിയിലൂടെ ലോകത്തിന്റെ പ്രശംസ പിടിച്ച് പറ്റുന്നത്.

27 വയസ്സുകാരിയായ എതോപ്യന്‍ സ്വദേശിനി നജത്ത് മുഹമ്മദ് അല്‍ നുറ്യയെയാണ് ആശുപത്രി അധികൃതര്‍ ചികിത്സായിനത്തില്‍ ലഭിക്കേണ്ട തുക പോലും വേണ്ടെന്ന് വെച്ച് നാട്ടിലേക്ക് തിരിച്ചയക്കാന്‍ സന്‍മനസ്സ് കാണിച്ചത്.

കഴിഞ്ഞ 7 മാസവും 11 ദിവസവുമായി യുവതി ഈ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെ മെക്കാനിക്കല്‍ വെന്റിലേറ്ററില്‍ കോമ അവസ്ഥയില്‍ ചികിത്സയിലായിരുന്നു. ഏഴു മാസം മുന്‍പ് വീട്ടു ജോലിക്കാരിയായി ദുബായിലേക്ക് വന്നതായിരുന്നു നജത്ത് മുഹമ്മദ് അല്‍ നുറ്യ.

ദുബായിലെത്തി 48 മണിക്കൂറിനുള്ളില്‍ നജത്ത് വിഷം കഴിച്ചു ആത്മഹത്യക്ക് ശ്രമിച്ചു. കടുത്ത ശ്വാസ തടവും വായില്‍ നിന്ന് നുരയും പതയും വന്ന് അബോധാവസ്ഥയിലായ യുവതിയെ ഉടന്‍ തന്നെ വീട്ടുടമസ്ഥര്‍ ഈ അശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

പിന്നീട് ഈ മാസങ്ങളത്രയും യുവതി പാതി കോമ അവസ്ഥയിലായിരുന്നു. സംസാരിക്കാന്‍ സാധിക്കാതിരുന്ന യുവതി പലപ്പോഴും പലതും ഓര്‍ത്ത് കരയാറുള്ളതായി ആശുപത്രി ജീവനക്കാര്‍ പറയുന്നു.

ഒടുവില്‍ ബന്ധുക്കള്‍ യുവതിയെ നാട്ടിലേക്ക് കൊണ്ടു പോകാനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും ഭീമമായ ചികിത്സാ പണം അടയ്‌ക്കേണ്ടത് ഒരു വിലങ്ങു തടിയായി. പല സന്നദ്ധ സംഘടനകളും സഹായം വാഗ്ദാനം ചെയ്‌തെങ്കിലും ഒന്നും ഫലവത്തായില്ല.

ഇതിനെ തുടര്‍ന്നാണ് തങ്ങള്‍ക്ക് ലഭിക്കേണ്ട മൂന്ന് കോടിയിലധികം രൂപ പോലും വേണ്ടെന്ന വെച്ച് ആശുപത്രി ആധികൃതര്‍ മാനുഷിക പരിഗണന നല്‍കി നജത്ത് മുഹമ്മദിനെ നാട്ടിലേക്ക് അയക്കാന്‍ തയ്യാറായത്.

LEAVE A REPLY

Please enter your comment!
Please enter your name here