പുതു ചരിതമെഴുതി ദുബായ് പൊലീസ്

ദുബായ് :വിദേശ വ്യവസായിയെ കൊലപ്പെടുത്തിയ അറബ് പൗരനെ ദുബായ് പൊലീസ് കുടുക്കിയത് റെക്കോര്‍ഡ് ടൈമില്‍. മൃതദേഹം കണ്ടെത്തി വെറും 4 മണിക്കൂറിനുള്ളിലാണ് കൊലപാതകിയെ പൊലീസ് പിടികൂടിയത്. അമേരിക്കന്‍ സ്വദേശിയായ ഒരു വ്യവസായി തന്റെ ബിസിനസ്സ് ആവശ്യങ്ങള്‍ക്കായാണ് ദുബായിലേക്ക് വന്നിരുന്നത്.

ഇദ്ദേഹം ഇത്തരത്തില്‍ നേരത്തേയും പല തവണ ദുബായില്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ടായിരുന്നു. എന്നാല്‍ രണ്ട് ദിവസമായി തന്റെ അമ്മാവനെ ഫോണില്‍ ബന്ധപ്പെടാന്‍ സാധിക്കുന്നില്ലായെന്ന് അമേരിക്കയില്‍ നിന്ന് വ്യവസായിയുടെ മരുമകന്‍ ദുബായ് പൊലീസിനെ വിളിച്ചറിയിച്ചു.

തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ വ്യവസായി താമസിച്ച ഹോട്ടല്‍ മുറിയില്‍ നിന്നും ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തി. കൊല നടന്ന് 48 മണിക്കൂറെങ്കിലും കഴിഞ്ഞ് കാണുമെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനത്തില്‍ വ്യക്തമായി. തലയ്ക്കടിയേറ്റ് മരിച്ച നിലയിലായിരുന്നു മൃതദേഹം.

സിസിടിവി ദൃശ്യങ്ങളുടെ പരിശോധനയില്‍ വിദേശിയെ ഈ ഹോട്ടലിലേക്ക് കൊണ്ടു വന്ന യുവാവിന്റെ ചിത്രങ്ങള്‍ ലഭിച്ചു. തുടര്‍ന്ന് ദുബായ് ഡാറ്റ അനാലിസിസ് സെന്ററിന്റെയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെയും സഹായത്തോടെ യുവാവിന്റെ താമസ സ്ഥലത്തെ കുറിച്ചും വിവരം ലഭിച്ചു.

തുടര്‍ന്ന് ഇവിടേക്ക് കുതിച്ചെത്തിയ സംഘം യുവാവിനെ ഇയാളുടെ വീട്ടിനുള്ളില്‍ നിന്നും പിടികൂടുകയായിരുന്നു. പണം കവരാന്‍ വേണ്ടിയാണ് താന്‍ വ്യവസായിയുടെ കൊലപാതകം നടത്തിയതെന്ന് ഇയാള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. മുറിയില്‍ നിന്നും കണ്ടെത്തിയ മരക്കഷ്ണം കൊണ്ട് തലയ്ക്കടിച്ചായിരുന്നു കൊലപാതകം.

LEAVE A REPLY

Please enter your comment!
Please enter your name here