ഒരു മത്സ്യത്തിന്റെ പുനര്‍ജന്മം

ലണ്ടന്‍ : സൂപ്പര്‍ മാര്‍ക്കറ്റില്‍ വെച്ച് കണ്ട മരിച്ച് വീഴാറായ മത്സ്യത്തിനെ കനിവ് തോന്നി വീട്ടിലേക്ക് എത്തിച്ച യുവതിക്ക് ഒരു മാസത്തിന് ശേഷം തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. വിക്ടോറിയ ഷീല്‍ഡ് എന്ന ലണ്ടന്‍ സ്വദേശിനി ഒരു മാസം മുന്‍പ് സൂപ്പര്‍ മാര്‍ക്കറ്റില്‍ ചെന്നപ്പോഴാണ് ജീവിതത്തിന്റെ അവസാന നിമിഷങ്ങളിലേക്ക് അടുക്കുന്ന വണ്ണം ഒരു ചെറിയ കപ്പില്‍ മിടിക്കുന്ന കണ്ണുമായി ഒരു ചുവന്ന മത്സ്യത്തെ കണ്ടത്.

വളരെ വൃത്തിഹീനമായ വെള്ളത്തിലുമായിരുന്നു ഇതിനെ ജീവനക്കാര്‍ കിടത്തിയിരുന്നത്. മത്സ്യത്തിന്റെ വാലിന് സമീപത്തും പുറത്തുമുള്ള എതാനും ചെകിളകളും പരിക്കേറ്റ് അറ്റ നിലയിലായിരുന്നു. വിക്ടോറിയക്ക് പെട്ടെന്ന് ഈ മത്സ്യത്തോട് ഒരു കനിവ് തോന്നി, അവസാന നിമിഷമെങ്കിലും സന്തോഷത്തോടെ ഈ മത്സ്യം മരണത്തിലേക്ക് യാത്ര ചെയ്യട്ടെ എന്ന് കരുതിയ വിക്ടോറിയ ഇതിനെ വാങ്ങി വീട്ടിലേക്ക് കൊണ്ട് വന്നു. ശുദ്ധമായ വെള്ളമുള്ള ഒരു അക്വേറിയത്തില്‍ അവശ്യത്തിന് മരുന്നും ഭക്ഷണവും നല്‍കി കിടത്തി.

മത്സ്യം ഒരു രാത്രി പൂര്‍ത്തിയാക്കിലെന്ന് വിചാരിച്ച വിക്ടോറിയ പിറ്റെ ദിവസം ആ കാഴ്ച്ച കണ്ട്അമ്പരന്നു. മത്സ്യത്തിന് ജീവന്‍ ഉണ്ടായിരുന്നു. മാത്രമല്ല അത് പതുക്കെ സ്വാഭാവിക ജീവിതത്തിലേക്ക് മടങ്ങി വരുന്ന ലക്ഷണങ്ങളും കാണിക്കുന്നു. യുവതി ഉടന്‍ തന്നെ ഇതിന് ആര്‍ഗോ എന്ന ഓമന പേര് നല്‍കുകയും നേരാം വണ്ണം മരുന്നും ഭക്ഷണവും നല്‍കി പരിചരിക്കുകയും ചെയ്തു.

ഒരു മാസത്തിനിടെയുള്ള ആര്‍ഗോയുടെ വളര്‍ച്ച അസൂയാവഹമായിരുന്നു. മുറിഞ്ഞ് പോയ ചെകിളകള്‍ തിരിച്ചെത്തി. ആര്‍ഗോ ഇപ്പോള്‍ പൂര്‍ണ്ണമായും സുഖം പ്രാപിച്ച് വിക്ടോറിയയുടെ അക്വേറിയത്തില്‍ നീന്തി തുടിക്കുന്നു. യുവതി തന്നെയാണ് ഈ ചിത്രങ്ങള്‍ സമൂഹ മാധ്യമത്തിലെ തന്റെ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here