എടപ്പാള്‍ തിയേറ്റര്‍ പീഡനം; ചങ്ങരംകുളം എസ് ഐയെ അറസ്റ്റ് ചെയ്തു

മലപ്പുറം: എടപ്പാളിലെ തിയേറ്ററില്‍ പത്തുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ ചങ്ങരകുളം എസ് ഐ കെ.ജി. ബേബിയെ അറസ്റ്റ് ചെയ്തു. കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ പരാതി കിട്ടിയിട്ടും നടപടി എടുത്തില്ലെന്ന കുറ്റത്തിനാണ് അറസ്റ്റ്. അറസ്റ്റ് ചെയ്ത ശേഷം എസ് ഐയെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. മലപ്പുറത്തേക്ക് വിളിച്ചുവരുത്തിയാണ് അറസ്റ്റ് ചെയ്തത്.

എസ് ഐയ്‌ക്കെതിരെ നേരത്തെ പോക്‌സോ നിയമപ്രകാരം കേസെടുത്തിരുന്നു. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 166 എ, പോക്‌സോ നിയമത്തിലെ 21, 19 വകുപ്പുകള്‍ പ്രകാരമാണ് ബേബിക്കെതിരെ കേസുള്ളത്. പരാതി കിട്ടിയിട്ടും നടപടിയെടുക്കുന്നതില്‍ ഗുരുതരമായ വീഴ്ച വരുത്തിയെന്ന് കണ്ടെത്തി ഇയാളെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡും ചെയ്തിരുന്നു.

എസ്.ഐയുടെ അറസ്റ്റ് വൈകുന്നതില്‍ വ്യാപകമായ വിമര്‍ശനം ഉയരുന്ന സാഹചര്യത്തിലാണ് ഇന്ന് നടപടിയെടുത്തത്. അതേസമയം ദൃശ്യങ്ങള്‍ പുറത്ത് കൊണ്ടുവരാന്‍ സഹായിച്ച തിയേറ്റര്‍ ഉടമയെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്യുകയും നടപടി വലിയ വിവാദത്തിന് കാരണമാവുകയും ചെയ്തിരുന്നു.

പീഡന വിവരം പൊലീസില്‍ നിന്ന് മറച്ച് വെച്ചുവെന്നും സിസിടിവി ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു എന്ന കുറ്റവും ചുമത്തിയായിരുന്നു തിയേറ്റര്‍ ഉടമ സതീഷിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്. എന്നാല്‍ സംഭവം വിവാദമായതോടെയാണ് സതീഷിനെ സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here