എല്ലാ ഗ്രാമങ്ങളിലും വൈദ്യുതി;പ്രഖ്യാപനം നടപ്പാക്കി കേന്ദ്രം

ഡല്‍ഹി :1000 ദിവസത്തിനുള്ളില്‍ രാജ്യത്തെ ഗ്രാമങ്ങളില്‍ വൈദ്യുതി വെളിച്ചത്താല്‍ ദീപ്തമാക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനം യാഥാര്‍ത്ഥ്യമായി. 2015 ആഗസ്റ്റ് 15 ന് നടത്തിയ സ്വാതന്ത്ര്യ ദിന പ്രസംഗത്തിലായിരുന്നു എല്ലാ ഗ്രാമങ്ങളിലും 1000 ദിവസം കൊണ്ട് വൈദ്യുതി എത്തിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.

ദീനദയാല്‍ ഗ്രാമ ജ്യോതി യോജനയിലൂടെ 12 ദിവസം ബാക്കി നില്‍ക്കെ എല്ലാ ഗ്രാമങ്ങളിലും വൈദ്യുതി എത്തിച്ചതായാണ് റിപ്പോര്‍ട്ട്. 2015 ഏപ്രിലില്‍ വൈദ്യുതി എത്തിക്കാന്‍ ബാക്കിയുണ്ടായിരുന്ന 18,452 ഗ്രാമങ്ങളില്‍ എല്ലായിടത്തും വൈദ്യുതി എത്തിച്ചതായി പദ്ധതിയുടെ നോഡല്‍ ഏജന്‍സിയായ റൂറല്‍ ഇലക്ട്രിഫിക്കേഷന്‍ കോര്‍പ്പറേഷന്‍ വ്യക്തമാക്കി.

മണിപ്പൂരിലെ സേനാപതി ജില്ലയിലെ ലൈസാംഗ് ഗ്രാമത്തില്‍ വൈദ്യുതി വിളക്കുകള്‍ പ്രകാശിച്ചതോടെയാണ് ആ പ്രഖ്യാപനം യാഥാര്‍ത്ഥ്യമായത്. സെന്‍സസില്‍ ഉള്‍പ്പെട്ട 5,97,464 ഗ്രാമങ്ങളിലും വൈദ്യുതി എത്തിയതായി കണക്കുകള്‍ വ്യക്തമാക്കുന്നു.
ഒരു ഗ്രാമത്തിലെ സ്‌കൂളുകളും ആശുപത്രികളും മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളും ഒപ്പം പത്തുശതമാനം വീടുകളും വൈദ്യുതീകരിക്കപ്പെട്ടാലാണ് ഒരു ഗ്രാമത്തില്‍ വൈദ്യുതിയെത്തിയതായി പ്രഖ്യാപിക്കുന്നത്.

ഇനി ഘട്ടം ഘട്ടമായി എല്ലാ വീടുകളിലും വൈദ്യുതി എത്തിക്കുക എന്ന ലക്ഷ്യമാണ് സര്‍ക്കാരിന്റെ മുന്നിലുള്ളത്. പ്രധാനമന്ത്രി സഹജ് ബിജ്ലി ഹര്‍ ഘര്‍ യോജന ( സൗഭാഗ്യ) എന്ന പദ്ധതി വഴി 2019 മാര്‍ച്ചിനുള്ളില്‍ 40 ലക്ഷം കുടുംബങ്ങളില്‍ വൈദ്യുതി എത്തിക്കുകയെന്ന ലക്ഷ്യത്തിലാണ് കേന്ദ്ര സര്‍ക്കാര്‍.

LEAVE A REPLY

Please enter your comment!
Please enter your name here