ആന പാപ്പാന്റെ കൈ കടിച്ചെടുത്തു

കഞ്ഞിക്കുഴി: പഴം വായില്‍ വച്ചുകൊടുക്കുന്നതിനിടയില്‍ പാപ്പാന്റെ കൈ ആന കടിച്ചെടുത്തു. കഞ്ഞിക്കുഴി പഞ്ചായത്ത് ഏഴാം വാര്‍ഡ് കുന്നത്ത് പടിഞ്ഞാറ് പ്രതാപനാണ്(48) ആനയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്.

ഞായറാഴ്ച വൈകീട്ട് 6 മണിയോടെ പ്രതാപന്റെ വീടിനു സമീപം നന്തികാട്ട് പുരയിടത്തിലായിരുന്നു സംഭവം. ബന്ധുവായ പെണ്‍കുട്ടിയെ ആനയെ കാണിക്കാനും മരുന്ന് ചേര്‍ത്ത പഴം നല്‍കാനുമായാണ് പ്രതാപന്‍ ആനയുടെ അടുത്തെത്തിയത്.

കുട്ടിയെ മാറ്റി നിര്‍ത്തിയശേഷം ആനയുടെ വായ്ക്കുള്ളിലേക്കു പഴം വച്ചുകൊടുക്കുന്നതിനിടയില്‍ പ്രതാപനെ തട്ടിമറിച്ചിട്ട ആന കൈ കടിച്ചെടുക്കുകയായിരുന്നു.

പ്രതാപന്റെ വലതുകൈ ഉടലില്‍ നിന്നു വേര്‍പെട്ടു. ഓടിയെത്തിയ അയല്‍വാസി ശ്രീക്കുട്ടനാണ് രക്തത്തില്‍ കുളിച്ചു കിടക്കുന്ന പ്രതാപനെ ആനയുടെ സമീപത്തുനിന്നു വലിച്ചുമാറ്റിയത്.

ഉടനെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചു. വേര്‍പെട്ട കൈ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചു. രാത്രി 9 മണിയോടെ പ്രതാപനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

അഞ്ചു മാസം മുന്‍പ് പത്തനംതിട്ട കോഴഞ്ചേരിയില്‍നിന്ന് ഉത്സവാവശ്യങ്ങള്‍ക്കായി പ്രതാപന്‍ പാട്ടത്തിനെടുത്ത ആനയാണ് അക്രമം കാട്ടിയത്. ആനയെ തളച്ച പുരയിടം പൊലീസ് കാവലിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here