കാട്ടാനയുടെ മിന്നല്‍ ആക്രമണം

കൊളംബോ :കാട്ടാനയോടൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച വിനോദ സഞ്ചാരികളെ പീന്നീട് കാത്തിരുന്നത് ഭയാനകമായ നിമിഷങ്ങള്‍. ശ്രീലങ്കയിലെ യാല നാഷണല്‍ പാര്‍ക്കില്‍ വെച്ചാണ് ഈ ഭീതിജനകമായ ചിത്രങ്ങള്‍ പുറത്ത് വരുന്നത്. റഷ്യന്‍ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറായ സെര്‍ജ്ജൈ സാവിയാണ് അടുത്തിടെ സമൂഹ മാധ്യമത്തിലൂടെ ഈ ഭയാനകമായ ചിത്രങ്ങള്‍ മറ്റുളവരുമായി പങ്കു വെച്ചത്.

ഭാര്യയോടൊപ്പം ശ്രീലങ്ക സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു സാവി. യാല നാഷണല്‍ പാര്‍ക്കില്‍ സഞ്ചാരം നടത്തവെയാണ് അദ്ദേഹത്തിന് ഈ കാഴ്ച്ച ശ്രദ്ധയില്‍പ്പെട്ടത്. ഇവര്‍ക്ക് പുറകിലായി സഞ്ചരിച്ച ജീപ്പിലുണ്ടായിരുന്ന ശ്രീലങ്കന്‍ സ്വദേശികളായ സഞ്ചാരികളെയാണ് കാട്ടാന ആക്രമിക്കാന്‍ ശ്രമിച്ചത്.

പാര്‍ക്കിനുള്ളില്‍ അധികൃതരുടെ വാഹനത്തില്‍ സഫാരി റൈഡ് നടത്തവെയാണ് ഈ അപകടം ഇവരെ തേടിയെത്തിയത്. ദൂരെ നിന്നും കാട്ടാനയെ കണ്ടപ്പോള്‍ തന്നെ ഡ്രൈവര്‍ വാഹനം മുന്നോട്ടെടുക്കാന്‍ ശ്രമിച്ചെങ്കിലും സഞ്ചാരികള്‍ വിസ്സമതിച്ചു. കാട്ടാന പശ്ചാത്തലമായി വരുന്ന വിധത്തില്‍ സെല്‍ഫിയെടുക്കാനായിരുന്നു ഇവരില്‍ പലരുടെയും ആഗ്രഹം.

യാത്രക്കാരുടെ കൂക്കി വിളികളും ചിരിയും കാരണം ക്രുദ്ധനായ ആന പെട്ടെന്ന് ജീപ്പിനടുത്തേക്ക് ഓടിയടുക്കാന്‍ തുടങ്ങി. ഈ കാഴ്ച്ച കണ്ടുള്ള
ഞെട്ടല്‍ കാരണം ഡ്രൈവര്‍ക്ക് വണ്ടി മുന്നോട്ടെടുക്കാനും സാധിച്ചില്ല. യാത്രക്കാരുടെ അടുത്തേക്ക് വന്ന ആന ജീപ്പിനകത്തേക്ക് തുമ്പിക്കൈയിട്ട് ഭക്ഷണം തിരയാന്‍ തുടങ്ങി.

ജീപ്പിലെ സഞ്ചാരികള്‍ മൊത്തം പേടി കാരണം അലറി വിളിച്ചു. ചിലര്‍ എതിര്‍ വശത്ത് കൂടി ഇറങ്ങിയോടാന്‍ ശ്രമിച്ചു. എന്നാല്‍ ഭക്ഷണം ഒന്നും കണ്ടെത്താത്തിനെ തുടര്‍ന്ന് ആന നിരാശനായി മടങ്ങി. തലനാരിഴയ്ക്കാണ് വന്‍ അപകടത്തില്‍ നിന്നും ഈ യാത്രക്കാര്‍ രക്ഷപ്പെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here