കോട്ടയം: ഏറ്റുമാനൂര്‍ മഹാദേവക്ഷേത്ര ഉത്സവത്തിനിടെ ഇടഞ്ഞ ആനയുടെ മുകളില്‍ നിന്നും യുവാവിനെ രക്ഷപ്പെടുത്തിയത് അതിസാഹസികമായി. ആറാട്ട് എതിരേല്പ്പിനെത്തിയ മാവേലിക്കര ഗണപതിയെന്ന ആനയാണ് ഇടഞ്ഞത്. പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു സംഭവം. നാട്ടുകാരാണ് ആനപ്പുറത്തിരുന്ന യുവാവിനെ സാഹസികമായി രക്ഷപ്പെടുത്തിയത്. ആറാട്ട് എതിരേല്പിനായി ക്ഷേത്രത്തില്‍ നിന്നും പേരൂര്‍ കവലയിലേയ്ക്ക് പോകുന്നതിനിടയില്‍ തൊട്ടു പിന്നിലുണ്ടായിരുന്ന മറ്റൊരു ആന കുത്തിയതോടെയാണ് ഗണപതി ഇടഞ്ഞത്.
ഇതോടെ ആനകള്‍ ചിന്നം വിളിച്ചു. പാപ്പാന്മാര് ഇടപെട്ട് രണ്ട് ആനകളെയും തന്ത്രപരമായി അകറ്റി നിര്‍ത്തി. എന്നാല്‍ കുത്തേറ്റ് വേദനയില്‍ കലി പൂണ്ടു നിന്നിരുന്ന ഗണപതി മൈതാനത്തെ വേലിക്കെട്ടിനടുത്ത് നിന്നും തിരിഞ്ഞോടി കല്യാണമണ്ഡപത്തില്‍ പ്രവേശിക്കുകയും പരിഭ്രാന്തി പടര്‍ത്തുകയുമായിരുന്നു.
പാപ്പാനെ പനമ്പട്ട കൊണ്ട് അടിച്ചു വീഴ്ത്തിയ ആന പുറത്തിരുന്ന യുവാവിനെ കുലുക്കിയിടാനും ശ്രമിച്ചു. അപകടം മനസിലാക്കിയ നാട്ടുകാര്‍ കല്യാണമണ്ഡപത്തിന് മുകളില്‍ നിന്നും കയര്‍ താഴേക്ക് ഇട്ട് കൊടുത്തു.
ആന തിരിച്ച് വന്ന് കാലില്‍ പിടിക്കുന്നതിന് മുന്‍പ്
സാഹസികമായാണ് കയറില്‍ തൂങ്ങിക്കിടന്ന യുവാവിനെ എടുത്തുയര്‍ത്തി നാട്ടുകാര്‍ രക്ഷപ്പെടുത്തിയത്. ഒടുവില്‍ മയക്കുവെടി വച്ചശേഷമാണ് ആനയെ തളച്ചത്.