എമിറേറ്റ്‌സിന്റെ സന്തോഷ ദിനം

ദുബായ് :അന്താരാഷ്ട്ര സന്തോഷ ദിനത്തില്‍ കണ്ണ് നിറയിപ്പിക്കുന്ന വീഡിയോ പുറത്ത് വിട്ട് എമിറേറ്റ്‌സ് എയര്‍ലൈന്‍സ്. കഴിഞ്ഞ ദിവസം രാത്രി ദുബായ് വിമാനത്താവളത്തില്‍ വെച്ച് യാത്രക്കാരറിയാതെ ഷൂട്ട് ചെയ്ത ഒരു വീഡിയോ പുറത്ത് വിട്ടാണ് എമിറേറ്റ്‌സ് എയര്‍ലൈന്‍ ഏവര്‍ക്കും അന്താരാഷ്ട്ര സന്തോഷ ദിന ആശംസകള്‍ അറിയിച്ചത്.

ജന്മ നാട്ടില്‍ നിന്നും വരുന്ന തങ്ങളുടെ ഉറ്റവര്‍ക്ക് ദുബായില്‍ വെച്ച് പ്രവാസികള്‍ നല്‍കുന്ന സ്‌നേഹോഷ്മളമായ വരവേല്‍പ്പാണ് ഏവരുടെയും കണ്ണ് നിറയിപ്പിക്കുന്നത്. തങ്ങളുടെ മുത്തശ്ശനെയും മുത്തശ്ശിയേയും കാണുമ്പോള്‍ കൊച്ചു കുട്ടികള്‍ക്കുണ്ടാകുന്ന സന്തോഷം തൊട്ട് പ്രായമേറിയവരുടെയും യുവാക്കളുടെയും സൗഹൃദങ്ങളുടെ ആഴം വരെ വീഡിയോയില്‍ കാണാം.

ജന്മ നാട്ടില്‍ വെച്ച് പിറന്ന് വീണ തന്റെ കുഞ്ഞിനെ മാസങ്ങള്‍ക്ക് ശേഷം ആദ്യമായി കാണുന്ന ഒരു പിതാവിന്റെ സന്തോഷം ഏവരുടെയും മനം കവരും. കണ്ട മാത്രയില്‍ തന്നെ മറ്റെല്ലാം മറന്ന് തന്റെ പിഞ്ചോമനയെ ഉമ്മ കൊണ്ട് മൂടുന്ന അച്ഛന്‍ ഏവരിലും സനേഹത്തിന്റെ കണ്ണീര്‍ നിറയിക്കും.

ഇതുവരെ നിരവധി പേരാണ് ഈ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. ലോക സന്തോഷ ദിനത്തോട് അനുബന്ധിച്ച് തിരഞ്ഞെടുക്കപ്പെടുന്ന ജീവനക്കാര്‍ക്ക് എമിറേറ്റ്‌സിന്റെ സര്‍വ്വീസ് ഉള്ള ഏത് രാജ്യത്തേക്കും സൗജന്യ സര്‍വ്വീസും കമ്പനി പ്രഖ്യാപിച്ചിരുന്നു. രാവിലെ തന്നെ ജീവനക്കാര്‍ യാത്രക്കാര്‍ക്ക് സന്തോഷ ദിനത്തിന്റെ ആശംസ സന്ദേശങ്ങള്‍ നല്‍കിയും മധുര പലഹാരങ്ങള്‍ വിതരണം ചെയ്തും വിമാനത്താവളത്തില്‍ സജീവമായിരുന്നു.

വേള്‍ഡ് ഹാപ്പിനസ് റിപ്പോര്‍ട്ടിന്റെ 2017 ലെ കണക്ക് പ്രകാരം സന്തുഷ്ട രാജ്യങ്ങളുടെ പട്ടികയില്‍ അറബ് രാജ്യങ്ങളില്‍ വെച്ച് ഒന്നാമതും ലോക രാജ്യങ്ങളില്‍ 21 ാം സ്ഥാനത്തുമാണ് യുഎഇയുടെ സ്ഥാനം. അതു കൊണ്ട് തന്നെ ഇത്തവണത്തെ റിപ്പോര്‍ട്ടില്‍ ലോകത്ത് തന്നെ ഒന്നാം സ്ഥാനം കൈക്കലാക്കുന്നതിനായി വിപുലമായ പദ്ധതികളാണ് വിവിധ മന്താലയങ്ങളും സ്ഥാപനങ്ങളും യുഎഇയില്‍ നടപ്പാക്കുന്നത്.

വീഡിയോ കാണാം

LEAVE A REPLY

Please enter your comment!
Please enter your name here