27 വര്‍ഷത്തിനിപ്പുറം ലക്ഷ്മി നാട്ടിലേക്ക് മടങ്ങുന്നു

ഷാര്‍ജ : വീട്ടുജോലിക്കാരിയായി 27 വര്‍ഷത്തെ സേവനത്തിന് ശേഷം നാട്ടിലേക്ക് മടങ്ങുന്ന ലക്ഷ്മിക്ക് കൈനിറയെ സമ്മാനങ്ങള്‍ നല്‍കി എമിറേറ്റ് കുടുംബം. ഷാര്‍ജയിലെ ഒരു എമിറേറ്റ് കുടുംബത്തിലായിരുന്നു ലക്ഷ്മി ഇത്രയും കാലം ജോലി ചെയ്തിരുന്നത്.

ലക്ഷ്മി തങ്ങള്‍ക്ക് കുടുംബാംഗത്തെ പോലെയായിരുന്നുവെന്ന് വീട്ടുടമ മുഹമ്മദ് റാഷിദ് അല്‍ അലി പറയുന്നു. മക്കള്‍ക്ക് അമ്മയും ചെറുമക്കള്‍ക്ക് മുത്തശ്ശിയുമായിരുന്നു ലക്ഷ്മി. അത്രമേല്‍ വാത്സല്യത്തോടെയായിരുന്നു അവര്‍ കുട്ടികളെ പരിചരിച്ചിരുന്നത്.

ജോലി കാലയളവില്‍ വിശ്വസ്തതയും വ്യക്തിത്വവും അവര്‍ ഉയര്‍ത്തിപ്പിടിച്ചു. എല്ലാ കുടുംബാംഗങ്ങള്‍ക്കും പ്രിയങ്കരിയായിരുന്നു ലക്ഷ്മി. അവരുടെ മടക്കം കുടുംബത്തില്‍ വലിയ വിടവായിരിക്കുമെന്നും വീട്ടുടമ വ്യക്തമാക്കുന്നു. വിപുലമായ വിടപറയല്‍ ചടങ്ങാണ് ലക്ഷ്മിക്കായി കുടുംബം ഒരുക്കിയത്.

വീട്ടുടമയുടെ മക്കളും ചെറുമക്കളും ഉള്‍പ്പെടെ ഇവര്‍ എടുത്തുവളര്‍ത്തിയ മുഴുവന്‍പേരുടെയും സാന്നിധ്യമുണ്ടായിരുന്നു. ആ കുടുംബത്തില്‍ പിറന്നുവീണ 20 കുട്ടികളെ ലക്ഷ്മി എടുത്തുവളര്‍ത്തിയിട്ടുണ്ട്. ഒരു കുടുംബാംഗത്തെ പോലെയാണ് തന്നെ അവര്‍ പരിഗണിച്ചതെന്ന് ലക്ഷ്മി വിടപറയല്‍ ചടങ്ങില്‍ പറഞ്ഞു.

എപ്പോഴും മികച്ച സമ്മാനങ്ങള്‍ നല്‍കിയിരുന്നു. വസ്ത്രങ്ങളും ആഭരണങ്ങളും തന്നിരുന്നു. നാട്ടിലെ തന്റെ കുടുംബത്തിനും അവര്‍ കൈയ്യയച്ച് സഹായിച്ചു. താന്‍ എടുത്തുവളര്‍ത്തിയവരെ പിരിഞ്ഞുപോകുന്നതില്‍ സങ്കടമുണ്ട്. പക്ഷേ പ്രായമേറുകയാണ്. നാട്ടിലേക്ക് മടങ്ങാന്‍ നിര്‍ബന്ധിതയാണെന്നും ലക്ഷ്മി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here