പ്യൂണ്‍,ഡ്രൈവര്‍ അഭിമുഖത്തിനായി എത്തിച്ചേര്‍ന്നത് എഞ്ചിനിയര്‍ ബിരുദധാരികള്‍ വരെ ;അവസാനം പൊലീസിന്റെ അടിയും

ഇന്‍ഡോര്‍ :പ്യൂണിന്റെയും ഡ്രൈവറുടെയും ജോലിക്കുള്ള അഭിമുഖത്തിനായി എംടെക് ബിരുദ ധാരികള്‍ അടക്കമുള്ള യുവാക്കളുടെ നീണ്ട നിര എത്തിച്ചേര്‍ന്നതോടെ കോടതി പരിസരം ഉദ്യോഗാര്‍ത്ഥികളാല്‍ തിങ്ങി നിറഞ്ഞു. തിക്കും തിരക്കും രൂക്ഷമായതിനെ തുടര്‍ന്ന് അവസാനം ലാത്തിച്ചാര്‍ജ്ജും.മധ്യപ്രദേശിലെ ഇന്‍ഡോറിനടുത്ത് ഉജ്ജെയ്ന്‍ ജില്ലാ കോടതിയിലേക്കായിരുന്നു അഭിമുഖം. പ്യൂണ്‍, ഡ്രൈവര്‍, സ്വീപ്പര്‍ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരുന്നത്. ആകെ 16 ഒഴിവുകളാണ് ഉണ്ടായിരുന്നത്. എന്നാല്‍ കഴിഞ്ഞ ഞായറാഴ്ച നടന്ന അഭിമുഖത്തില്‍ പങ്കെടുക്കാന്‍ രാവിലെ തന്നെ കോടതി പരിസരത്ത് വന്നെത്തിച്ചേര്‍ന്നത് 5000 ത്തോളം യുവാക്കളാണ്.വന്നെത്തിയവരില്‍ 75 ശതമാനത്തിലേറെ പേര്‍ എംടെക്, എംകോം, ബിടെക് തുടങ്ങിയ ഉന്നത ബിരുദ ധാരികളാണെന്നതാണ് ഏറെ രസകരം. ഞായറാഴ്ചയിലെ അഭിമുഖത്തില്‍ ആദ്യം പങ്കെടുക്കുവാന്‍ പറ്റുന്നതിന് വേണ്ടി ശനിയാഴ്ച വൈകുന്നേരം തന്നെ കോടതി പരിസരത്ത് എത്തിച്ചേര്‍ന്നവരും കുറവല്ല.അഭിമുഖം നടക്കുന്നതിനിടെ തിക്കും തിരക്കും ഉണ്ടായതിനെ തുടര്‍ന്ന് അവസാനം ഇവരെ ഒഴിപ്പിക്കാന്‍ പൊലീസിന് ലാത്തിച്ചാര്‍ജ്ജ് നടത്തേണ്ടി വന്നു. സുരക്ഷിതത്വമുള്ള തൊഴില്‍ മേഖലയില്‍ എത്തിപ്പെടണം എന്നുള്ളത് കൊണ്ടാണ് ഏതു തസ്തികയില്‍ ആണെങ്കിലും സര്‍ക്കാര്‍ ജോലി നേടണം എന്നാഗ്രഹിക്കുന്നതെന്ന് യുവാക്കള്‍ പറയുന്നു. രാജ്യത്ത് തൊഴിലിലായ്മ രൂക്ഷമാണെന്നും യുവാക്കള്‍ പരാതി പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here