എറണാകുളം-ഹൗറ എക്‌സ്പ്രസ് ജെസിബിയുമായി കൂട്ടിയിടിച്ചു

ഭുവനേശ്വര്‍ :എറണാകുളം-ഹൗറ അന്ത്യോദയ എക്‌സ്പ്രസ് ജെസിബിയുമായി കൂട്ടിയിടിച്ചു. ഒഡീഷയിലെ ഹരിദാസ്പുര റെയില്‍വേ സ്‌റ്റേഷനടുത്ത് വെച്ചുള്ള ലെവല്‍ ക്രോസിംഗില്‍ വെച്ചാണ് അപകടം സംഭവിച്ചത്.

ബുധനാഴ്ച രാവിലെ 10.15 ഓടെയായിരുന്നു അപകടം. സംഭവത്തെ തുടര്‍ന്ന് ട്രെയിന്‍ യാത്രക്കാരായ നാലു പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ജെസിബിക്ക് സംഭവിച്ച സാങ്കേതിക തകരാറുകളാണ് അപകടം വരുത്തിവെച്ചത്. ജീവനക്കാരനുണ്ടായിരുന്ന ലെവല്‍ ക്രോസിംഗില്‍ വെച്ചാണ് അപകടം സംഭവിച്ചത്. ലെവല്‍ ക്രോസിംഗ്  മുറിച്ച്  കടക്കുന്നതിനിടെ  ജെസിബി പ്രവര്‍ത്തനരഹിതമാവുകയായിരുന്നു. അല്‍പ്പ സമയത്തിന് ശേഷം ദൂരെ നിന്നും തീവണ്ടി വരുന്നത് കണ്ട ജെസിബി ഡ്രൈവര്‍ വാഹനം അവിടെ ഉപേക്ഷിച്ച് രക്ഷപ്പെട്ടു.

ഇതേ തുടര്‍ന്നാണ് ട്രെയിന്‍ ജെസിബിയുമായി കൂട്ടിയിടിച്ചത്. തീവണ്ടിയുടെ മുന്‍ ഭാഗത്ത് സാരമായ കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. തുടര്‍ന്നാണ് യാത്രക്കാര്‍ക്കും പരിക്ക് പറ്റിയത്. സംഭവത്തില്‍ ലെവല്‍ ക്രോസ് ജീവനക്കാരനെ കൃത്യ വിലോപത്തിന്റെ പേരില്‍ സസ്‌പെന്‍ഡ് ചെയ്തതായി ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ അറിയിച്ചു. അപകടത്തില്‍ റെയില്‍വേ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here