മക്കളെ ഒപ്പമിരുത്തി ഒരു കല്ല്യാണം

ചെന്നൈ :മക്കളുടെ സാന്നിദ്ധ്യത്തില്‍ വിവാഹം കഴിച്ച് പ്രവാസി ദമ്പതികള്‍ വാര്‍ത്താ ശ്രദ്ധ നേടുന്നു. തമിഴ്‌നാട് സ്വദേശികളായ ദീപയും ബൈജുവുമാണ് ഈ വ്യത്യസ്ഥമായ  പുനര്‍ വിവാഹത്തിലൂടെ സമൂഹ മാധ്യമങ്ങളില്‍ തരംഗമാവുന്നത്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി അമേരിക്കയില്‍ ജോലി ചെയ്ത് വരികയാണ് തമിഴ്‌നാട് സ്വദേശികളായ ഈ പ്രവാസി ദമ്പതികള്‍. ഇതിനിടയില്‍ ഒരു മകനും മകളും പിറന്നു.

തങ്ങളുടെ കുട്ടികള്‍ക്ക് തമിഴ് സംസ്‌ക്കാരവും വിവാഹ രീതികളും പരിചയപ്പെടുത്തി കൊടുക്കുവാന്‍ വേണ്ടിയായിരുന്നു ഇവരുടെ ഈ പുതുമ നിറഞ്ഞ ശ്രമം. ആദ്യ വിവാഹത്തില്‍ തങ്ങള്‍ക്ക് ലഭിക്കാതെ പോയ സുവര്‍ണ്ണ നിമിഷങ്ങളെ വീണ്ടെടുക്കുക എന്ന ഉദ്ദേശം കൂടി ദീപയ്ക്കും ബൈജുവിനും ഉണ്ടായിരുന്നു. കാരണം വര്‍ഷങ്ങള്‍ക്ക് മുന്‍പ്, ഏറെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു ദീപയും ബൈജുവും വിവാഹം കഴിക്കുവാന്‍ തീരുമാനിച്ചത്.

എന്നാല്‍ അന്ന് വീട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് രജിസ്റ്റര്‍ വിവാഹം ചെയ്യുകയായിരുന്നു. ഇതിന് ശേഷം ഉടന്‍ തന്നെ അമേരിക്കയിലേക്ക് ചേക്കേറി. അതു കൊണ്ട് തന്നെ തങ്ങള്‍ക്ക് നഷ്ടപ്പെട്ട് പോയ ആ മനോഹര നിമിഷങ്ങളെ പുനര്‍ സൃഷ്ടിക്കുക എന്നതും ദമ്പതികളെ രണ്ടാമതും വിവാഹം കഴിക്കാം എന്ന ഒരു തീരുമാനത്തിലേക്ക് നയിച്ചു. അകന്നു കഴിഞ്ഞിരുന്ന തങ്ങളുടെ ഉറ്റവരുടെ സ്‌നേഹം വീണ്ടും തിരിച്ച് കിട്ടാനും ഈ വിവാഹം സഹായകരമായതായി ദീപ പറയുന്നു.

വീടിനുള്ളില്‍ മനോഹരമായി ഒരുക്കിയ വിവാഹ വേദിയിലേക്ക് വിവാഹ വേഷത്തില്‍ മുല്ലപ്പൂവും ചൂടി കല്ല്യാണ പെണ്ണായി ദീപ ഒരുങ്ങി വന്നു. പട്ടും ആഭരണങ്ങളും ബൈജുവിന്റെ അമ്മയ്ക്ക് കൈമാറി ദമ്പതികള്‍ ഇരുവരും മണ്ഡപത്തില്‍ ഇരുന്നു. ഇതിന് ശേഷം ബൈജു ദീപയുടെ കഴുത്തില്‍ താലി ചാര്‍ത്തി. വിവാഹ മാല അന്യോനം കൈമാറുമ്പോള്‍ കുട്ടികള്‍ ഇടയ്ക്ക് കയറി കരയുന്നതും ശാഠ്യം പിടിക്കുന്നതും വീഡിയോവില്‍ കാണാം. എന്തായാലും കുട്ടികളുടെ ഈ കുസൃതി നിറഞ്ഞ പെരുമാറ്റം കൊണ്ട് തന്നെ സമൂഹ മാധ്യമങ്ങളില്‍ വമ്പിച്ച സ്വീകാര്യതയാണ് ഈ വിവാഹ വീഡിയോവിന് ലഭിക്കുന്നത്.

വീഡിയോ കാണാം

LEAVE A REPLY

Please enter your comment!
Please enter your name here