ദുബായ് :ഒരു കാര്‍ സമ്മാനമായി ലഭിച്ചെന്ന് അറിഞ്ഞപ്പോഴുള്ള പ്രവാസിയുടെ പ്രതികരണം സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നു. ട്രാഫിക് നിയമങ്ങളെ കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുക എന്ന ലക്ഷ്യത്തോട് കൂടി ദുബായ് പൊലീസ് ഏര്‍പ്പെടുത്തിയ പുതിയ പദ്ധതി പ്രകാരമാണ് പ്രവാസിയായ അമേരിക്കന്‍ സ്വദേശിക്ക് ഒരു കാര്‍ സമ്മാനമായി ലഭിച്ചത്.
ഈ സമ്മാനം ലഭിച്ച കാര്യം ദുബായ് പൊലീസ് മേജര്‍ ജനറല്‍ മൊഹമ്മദ് സയ്യീഫ് അല്‍ സഫീന്‍ പ്രവാസിയെ വിളിച്ചറിയിക്കുന്ന ദൃശ്യങ്ങളാണ് നര്‍മ്മം നിറഞ്ഞ സംഭാഷണത്താല്‍ ശ്രദ്ധ പിടിച്ച പറ്റുന്നത്. തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് വഴി ദുബായ് പൊലീസ് തന്നെയാണ് ഈ ദൃശ്യങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ എത്തിച്ചെത്. ‘ആരെങ്കിലും നിങ്ങളെ വിളിച്ച് താങ്കള്‍ക്ക് ഒരു കാര്‍ സമ്മാനമായി ലഭിച്ചെന്ന് പറഞ്ഞാല്‍ എന്താവും നിങ്ങള്‍ അദ്ദേഹത്തോട് തിരിച്ച് പറയുക’ എന്നായിരുന്നു താന്‍ ആരെന്ന് വെളിപ്പെടുത്താതെ ഫോണിലൂടെ പ്രവാസിയോടുള്ള മേജറിന്റെ ആദ്യ ചോദ്യം.
ഉത്തരം ഉടന്‍ തന്നെ വന്നു. ‘ഞാന്‍ എന്തായാലും വിശ്വസിക്കില്ല, കാരണം ഞാന്‍ അത്ര ഭാഗ്യവാനായ വ്യക്തിയൊന്നുമല്ലായെന്നായിരുന്നു’ അമേരിക്കക്കാരന്റെ പ്രതികരണം. ഇതു കേട്ടതും മേജറിന് ചിരിയടക്കാനായില്ല. ‘എന്നാല്‍ താങ്കള്‍ ഒരു ഭാഗ്യവാനാണെന്ന്’ മേജര്‍ തിരിച്ചു പറഞ്ഞു. തുടര്‍ന്ന് ദുബായ് പൊലീസില്‍ നിന്നാണ് ഈ ഫോണ്‍ കോളെന്ന് മേജര്‍ വെളിപ്പെടുത്തുകയും ട്രാഫിക് നിയമങ്ങളില്‍ കഴിഞ്ഞ വര്‍ഷം താങ്കള്‍ ഒരു വിധ പിഴവും വരുത്താത്തതിനാല്‍ ഒരു കാര്‍ സമ്മാനമായി ലഭിക്കുന്നതായും പ്രവാസിയെ അറിയിച്ചു.
അമേരിക്കന്‍ സ്വദേശിയും ദീര്‍ഘ കാലമായി ദുബായില്‍ ജോലി ചെയ്യ്ത് വരികയുമായിരുന്ന ഗ്രിഗറി ഡേവിഡ് ക്രിസ്റ്റോഫറിനെയാണ് ഈ ഭാഗ്യം തേടിയെത്തിയത്. ഇദ്ദേഹത്തെ കൂടാതെ എമിറേറ്റ്സ് സ്വദേശിയായ ഷംസ മത്തര്‍ ഫൈറൂസിനും ഇതേ സമ്മാനം ലഭിച്ചിട്ടുണ്ട്.
ദുബായ് പൊലീസ് ഏര്‍പ്പെടുത്തിയ വൈറ്റ് പോയിന്റുകളുടെ അടിസ്ഥാനത്തിലാണ് സമ്മാനം പ്രഖ്യാപിച്ചിരിക്കുന്നത്. 2,600 യാത്രക്കാര്‍ ഇത്തരത്തില്‍ കഴിഞ്ഞ വര്‍ഷം സീറോ വയലേഷന്‍ പട്ടികയില്‍ ഉള്‍പ്പെട്ട് 24 വൈറ്റ് പോയന്റുകള്‍ വീതം സ്വന്തമാക്കി. ദുബായ് പൊലീസ് സംഘടിപ്പിച്ച പ്രത്യേക ചടങ്ങില്‍ ഇവരെ ആദരിക്കുകയും ബഹുമതി പത്രം വിതരണം ചെയ്യുകയും ചെയ്തു.