ന്യൂസ് ഫീഡിനെ രണ്ടാക്കില്ല

സാന്‍ഫ്രാന്‍സിസ്‌കോ: പരീക്ഷം പരാജയപ്പെട്ടതിനെത്തുടര്‍ന്ന് ന്യൂസ് ഫീഡിനെ രണ്ടാക്കി വിഭജിക്കാനുള്ള നീക്കം ഫെയ്‌സ്ബുക്ക് വേണ്ടെന്നുവെച്ചു. ആറ് രാജ്യങ്ങളില്‍ നടത്തിയ സര്‍വ്വേയില്‍ പുതിയ പരിഷ്‌കാരത്തെ ഉപഭോക്താക്കള്‍ വന്‍തോതില്‍ എതിര്‍ത്തതിനെ തുടര്‍ന്നാണ് നയം മാറ്റം.

സുഹൃത്തുക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും ചിത്രങ്ങളും മറ്റ് അപ്‌ഡേറ്റുകള്‍ മാത്രമായി ഒരു ന്യൂസ് ഫീഡും ഉപയോക്താക്കള്‍ ലൈക്ക് ചെയ്യുന്ന പേജുകളില്‍ നിന്നും ഗ്രൂപ്പുകളില്‍ നിന്നുമുള്ള പോസ്റ്റുകള്‍ക്കുമായി എക്‌സ്‌പ്ലോര്‍ ഫീഡ് എന്ന മറ്റൊരു വിഭാഗവും അവതരിപ്പിക്കാനുള്ള ശ്രമത്തില്‍ നിന്നാണ് ഫെയ്‌സ്ബുക്ക് പിന്‍വാങ്ങിയത്.

ഇങ്ങനെ ഒരു വിഭജനത്തില്‍ തങ്ങള്‍ സംതൃപ്തരല്ലെന്നും യഥാര്‍ത്ഥത്തില്‍ സുഹൃത്തുക്കളും ബന്ധുക്കളുമായി കൂടുതല്‍ ബന്ധം സ്ഥാപിക്കാന്‍ ന്യൂസ് ഫീഡ് വിഭജനം സഹായിക്കുന്നില്ലെന്നുമാണ് ജനങ്ങളുടെ അഭിപ്രായം. വ്യാജവാര്‍ത്ത സൈറ്റുകളെ തടയുന്നതിനാണ് ഫെയ്‌സ്ബുക്ക് തങ്ങളുടെ ന്യൂസ് ഫീഡ് പരിഷ്‌കരിക്കാന്‍ തീരുമാനിച്ചത്.

എന്നാല്‍ ഇത് എന്ത് പ്രത്യാഘാതം വരുത്തുമെന്ന് വ്യക്തമല്ലാതിരുന്ന സാഹചര്യത്തിലാണ് ഫെയ്‌സ്ബുക്ക് ഇക്കാര്യത്തില്‍ പൊതു അഭിപ്രായം തേടിയത്. സൗഹൃദങ്ങളും ബന്ധങ്ങളും സ്ഥാപിക്കുക എന്നതിലുപരി വാര്‍ത്താ വെബ്‌സൈറ്റുകളുടെയും മറ്റ് വ്യവസായ സ്ഥാപനങ്ങളുടെയും ഉല്പന്നങ്ങളുടെ വിതരണത്തില്‍ പ്രധാന സ്ഥാനം വഹിക്കുന്ന സോഷ്യല്‍ മീഡിയയാണ് ഫെയ്‌സ്ബുക്ക് എന്നതാണ് യാഥാര്‍ത്ഥ്യം.

ഒക്ടോബറില്‍ ബോളീവിയ, കംബോഡിയ, ഗ്വാട്ടിമാല, സെര്‍ബിയ, സ്ലോവാക്യ, ശ്രീലങ്ക എന്നിങ്ങനെ ആറ് രാജ്യങ്ങളിലാണ് ഈ രീതി പരീക്ഷണാടിസ്ഥാനത്തില്‍ പ്രാബല്യത്തില്‍ കൊണ്ടുവന്നത്. എന്നാല്‍ ഇങ്ങനെ ഒരു വിഭജനം ഫെയ്‌സ്ബുക്കിനെ വിപരീതമായി ബാധിക്കുമെന്ന നിരീക്ഷണത്തെ തുടര്‍ന്ന് കമ്പനി ഇത് വേണ്ടെന്ന് വെച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here