പലസ്തീന്‍ ആദ്യം സന്ദര്‍ശിച്ചത് നെഹറു

ന്യൂഡല്‍ഹി : പലസ്തീനില്‍ പര്യടനം നടത്തുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്ന വാദം തെറ്റെന്ന് ചരിത്രരേഖകള്‍. ജവഹര്‍ലാല്‍ നെഹറുവാണ് പലസ്തീന്‍ സന്ദര്‍ശിച്ച ആദ്യ പ്രധാനമന്ത്രിയെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. 1960 ല്‍ നെഹറു ഗാസ സന്ദര്‍ശിച്ചിട്ടുണ്ട്.

ഇതിന്റ ചിത്രങ്ങള്‍ ലഭ്യവുമാണ്. മോദിയുടെ സന്ദര്‍ശനത്തെ ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ പര്യടനമായി ചിത്രീകരിച്ച വിദേശകാര്യ മന്ത്രാലയത്തിന്റെ വാദമാണ് ഇതോടെ പൊളിയുന്നത്.

നാലുനാള്‍ നീളുന്ന വിദേശ പര്യടനത്തിന്റെ ഭാഗമായി പലസ്തീനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി, ചരിത്രപരമായ സന്ദര്‍ശനമാണിതെന്നാണ് ട്വിറ്ററില്‍ കുറിച്ചത്. പലസ്തീന്‍ സന്ദര്‍ശിക്കുന്ന ആദ്യ പ്രധാനമന്ത്രിയാണ് താനെന്ന പ്രചരണം മുന്‍നിര്‍ത്തിയാണ് പര്യടനത്തെ ചരിത്രപരമെന്ന് മോദി വിശേഷിപ്പിക്കുന്നത്.

ഈ മാസം 5 ന് വിദേശകാര്യമന്ത്രാലയം വാര്‍ത്താസമ്മേളനം നടത്തി ഇക്കാര്യം ഉദ്‌ഘോഷിക്കുകയും ചെയ്തു. എന്നാല്‍ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായ ജവഹര്‍ലാല്‍ നെഹറു ഗാസ സന്ദര്‍ശിക്കുന്ന ചിത്രങ്ങള്‍ സത്യം വെളിപ്പെടുത്തുന്നു.

1960 ലാണ് ജവഹര്‍ലാല്‍ നെഹറു ഗാസയിലെത്തുന്നത്. ലണ്ടനില്‍ കോമണ്‍വെല്‍ത്ത് രാജ്യങ്ങളുടെ പ്രധാനമന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുത്ത് മടങ്ങവെയായിരുന്നു സന്ദര്‍ശനം.

മടക്കയാത്രയില്‍ ലെബനനിലെ ബെയ്‌റൂട്ടിലെത്തുകയും തുടര്‍ന്ന് ഗാസയിലേക്ക് തിരിക്കുകയുമായിരുന്നു. ഇവിടെ യുണൈറ്റഡ് നേഷന്‍സ് എമര്‍ജന്‍സി ഫോഴ്‌സിന്റെ (യുഎന്‍ഇഎഫ്) ട്രൂപ്പിനെ അദ്ദേഹം നേരില്‍ കണ്ട് വിലയിരുത്തി.

ഈ ട്രൂപ്പിന് അന്ന് നേതൃത്വം നല്‍കിയ ലഫ്റ്റനന്റ് ജനറല്‍ ആര്‍ എസ് ഗ്യാനി ഇന്ത്യന്‍ ഓഫീസറായിരുന്നു. അതായത് പലസ്തീന്‍ സന്ദര്‍ശിച്ച ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹറുവാണ്. ഇക്കാര്യം മറച്ചുവെച്ചാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രചരണം.

LEAVE A REPLY

Please enter your comment!
Please enter your name here