അഞ്ച് മിനിട്ടിനുള്ളില്‍ നടന്ന കല്യാണം പതിനഞ്ച് മിനുട്ടിനുള്ളില്‍ വേര്‍പിരിഞ്ഞു ; നടന്നത് നാടകീയ സംഭവങ്ങള്‍

ഉജ്ജെയ്ന്‍ : അഞ്ച് മിനിട്ട് കൊണ്ട് നടന്ന കല്യാണത്തിന് ശേഷം പതിനഞ്ച് മിനുട്ടിനുള്ളില്‍ ചെറുക്കനും പെണ്ണും വേര്‍പിരിഞ്ഞു. രാജസ്ഥാനിലെ ജുഞ്ജുനു സ്വദേശിയായ സജ്ജന്‍സിങ്ങ് എന്ന യുവാവിനാണ് വിവാഹത്തട്ടിപ്പ് സംഘത്തിന്റെ കൈയ്യില്‍ പെട്ട് ഈ ദുര്‍വിധി ഉണ്ടായത്. പ്രായമേറെയായിട്ടും സജ്ജന്‍സിങ്ങിന്റെ വിവാഹം നീണ്ടു പോവുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇദ്ദേഹം മധ്യപ്രദേശിലെ ഉജ്ജെയ്ന്‍ സ്വദേശിനിയായ അനിത എന്ന ദല്ലാളിന്റെ സഹായം തേടിയത്.സജ്ജന്റെ ഒരു ബന്ധുവിന്റെ വിവാഹം ഇത്തരത്തില്‍ അനിത വഴിയായിരുന്നു നടന്നത്. ഈ ഉറപ്പിലാണ് സജ്ജന്‍ അനിതയെ സമീപിച്ചത്. രണ്ടര ലക്ഷം രൂപ തരാമെങ്കില്‍ വധു കൈവശമുണ്ടെന്ന് അനിത പറഞ്ഞു. കൂടുതല്‍ ഒന്നും ആലോചിക്കാതെ സജ്ജന്‍ സിങ്ങും ബന്ധുക്കളും രണ്ടര ലക്ഷം രൂപയുമായി വിവാഹത്തിനായി ഉജ്ജയിനിലെ ഒരു ക്ഷേത്രത്തിലെത്തി. അവിടെ അനിതയും മുകേഷും നവവധുവും ഇവരെ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. അര ലക്ഷം രൂപ അനിതയ്ക്കും രണ്ട് ലക്ഷം രൂപ മുകേഷിനും ഇവര്‍ കൈമാറി. ശേഷം സജ്ജന്‍സിങ് കല്യാണ പെണ്ണിന്റെ കഴുത്തില്‍ താലി കെട്ടി. ഇതിന് ശേഷം മുകേഷും അനിതയും സ്ഥലം കാലിയാക്കി.സ്വന്തം വീട്ടിലേക്ക് പോകുവാനായി സജ്ജന്‍ സിങ്ങ് വധുവിനെയും കൂട്ടി കാറില്‍ കയറി. പന്തികേട് മനസ്സിലാക്കിയ കല്യാണ പെണ്ണ് കാറില്‍ നിന്നും ഒച്ച വെക്കുവാന്‍ തുടങ്ങി. അവസാനം ഒരു ടോള്‍ ബൂത്തിന് മുന്നിലെത്തിയപ്പോള്‍ യുവതി പൊലീസുകാരോട് സഹായമഭ്യര്‍ത്ഥിച്ചു നിലവിളിച്ചു. അങ്ങനെ വിവാഹ സംഘം മുഴുവന്‍ പൊലീസ് സ്‌റ്റേഷനിലെത്തി. തനിക്ക് രണ്ട് മക്കളുണ്ടെന്നും പത്ത് മിനുട്ട് നേരത്തേക്ക് കല്യാണ പെണ്ണായി അഭിനയിച്ചാല്‍ പതിനായിരം രൂപ തരാമെന്ന് അനിതയും മുകേഷും പറഞ്ഞത് കൊണ്ടാണ് ഈ നാടകത്തിന് തയ്യാറായതെന്നും നവവധു കരഞ്ഞ് കൊണ്ട് പൊലീസിനോട് പറഞ്ഞു.സജ്ജന്‍സിങ്ങിന്റെ പരാതിയില്‍ അനിതയ്ക്കും മുകേഷിനുമായി പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here