പരാതിക്കാര്‍ക്ക് സര്‍പ്രൈസ് നല്‍കി ദുബായ് പൊലീസ്

അബുദാബി :ദുബായ് പൊലീസിന്റെ ആത്മാര്‍ത്ഥ നിറഞ്ഞ സേവനത്തിന്റെ ഫലമായി ഒരു ഇന്ത്യന്‍ പ്രവാസി കുടുംബത്തിന് ലഭിച്ചത് തങ്ങളുടെ നഷ്ടപ്പെട്ട സ്വര്‍ണ്ണാഭരണങ്ങള്‍. നഷ്ടപ്പെട്ടെന്ന് കരുതിയ 40,000 ദര്‍ഹം (7,16,194.00 ഇന്ത്യന്‍ രൂപ) വില വരുന്ന സ്വര്‍ണ്ണാഭരണങ്ങളാണ് പരാതി നല്‍കാനെത്തിയ ഈ ഇന്ത്യന്‍ കുടുംബത്തിന് ദുബായ് പൊലീസ് സര്‍പ്രൈസായി തിരിച്ച് നല്‍കിയത്.

കഴിഞ്ഞയാഴ്ച്ചയാണ് ഇവരുടെ വീട്ടില്‍ നിന്നും സ്വര്‍ണ്ണം നഷ്ടപ്പെട്ടത്. ഒരു ബാഗിനുള്ളിലാക്കി അതിന് പുറമെ പ്ലാസ്റ്റിക് കവറിലാക്കി സൂക്ഷിച്ച് വെച്ചിരുന്ന ആഭരണങ്ങള്‍ ചപ്പുചവറുകളാണെന്ന് കരുതി വീട്ടുജോലിക്കാരി പ്രദേശത്തെ ചവറ്റു കൊട്ടയില്‍ നിക്ഷേപിക്കുകയായിരുന്നു. ആവശ്യമില്ലാത്ത കടലാസ്സുകള്‍ ഉപേക്ഷിക്കുവാനായി പ്ലാസ്റ്റിക് ബാഗില്‍ നിക്ഷേപിച്ചതാണെന്നാണ് വീട്ടുജോലിക്കാരി
കരുതിയത്. ലക്ഷങ്ങള്‍ വിലപിടിപ്പുള്ള സ്വര്‍ണ്ണാഭരണങ്ങളാണ് ഇതിനുള്ളിലെന്ന്
യുവതിക്ക് അറിയില്ലായിരുന്നു.

എന്നാല്‍ സത്യസന്ധരായ ശുചീകരണ തൊഴിലാളികള്‍ ചവറ്റുകൊട്ടയില്‍ നിന്നും ഇത് കണ്ടെത്തി പൊലീസില്‍ ഏല്‍പ്പിച്ചു. അല്‍ ഗുസായിസിലെ പൊലീസ് സ്റ്റേഷനിലാണ് ഇവര്‍ ഈ സ്വര്‍ണ്ണാഭരണങ്ങള്‍ ഏല്‍പ്പിച്ചത്. കഴിഞ്ഞ ദിവസങ്ങളിലൊന്നും സമീപത്തെവിടെയും ജ്വല്ലറി മോഷണങ്ങളൊന്നും അരങ്ങേറാത്തത് കൊണ്ട് തന്നെ ഇത്രയും സ്വര്‍ണ്ണം എവിടെ നിന്ന് വന്നുവെന്ന് പൊലീസ് അധികൃതര്‍ക്കും സംശയം ഉടലെടുത്തു.

രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യന്‍ കുടുംബം സ്റ്റേഷനില്‍ പരാതി ബോധിപ്പിക്കാന്‍ ചെന്നത്. സ്വര്‍ണ്ണം നഷ്ടപ്പെട്ടത് കാരണം പ്രവാസി കുടുംബം ആകെ പരിഭ്രാന്തരുമായിരുന്നു. ഇവരില്‍ നിന്നും നഷ്ടപ്പെട്ട മുതലിന്റെ കൃത്യമായ അളവ് തൂക്കവും കൂടുതല്‍ വിവരങ്ങളും മനസ്സിലാക്കിയ പൊലീസ് സംഘം വിശദമായ ചോദ്യം ചെയ്യലിന് ശേഷം സ്വര്‍ണ്ണാഭരണങ്ങള്‍ ഇവര്‍ക്ക് സര്‍പ്രൈസായി തിരിച്ചേല്‍പ്പിക്കുകയായിരുന്നു.

തങ്ങള്‍ എന്നന്നേക്കുമായി കളഞ്ഞു പോയി എന്നു കരുതിയ സ്വര്‍ണ്ണ നാണയം  അത്ഭുതത്തോടെയായിരുന്നു പ്രവാസി കുടുംബം പൊലീസുകാരില്‍ നിന്നും ഏറ്റുവാങ്ങിയത്.

LEAVE A REPLY

Please enter your comment!
Please enter your name here