കര്‍ഷകന്‍ കുഴഞ്ഞ് വീണ് മരിച്ചു

ഭോപ്പാല്‍: വിളകള്‍ വില്‍ക്കാനായി നാല് ദിവസം ചന്തയില്‍ കാത്തിരുന്ന കര്‍ഷകന്‍ കുഴഞ്ഞ് വീണ് മരിച്ചു. മധ്യപ്രദേശിലെ വിധിഷയിലാണ് സംഭവം. മൂള്‍ചന്ദ് മൈന എന്ന കര്‍ഷകനാണ് കുഴഞ്ഞ് വീണ് മരിച്ചത്. പയറുവര്‍ഗങ്ങള്‍ വില്‍ക്കാനായിരുന്നു മൂള്‍ചന്ദ് ചന്തയില്‍ എത്തിയത്. എന്നാല്‍, നാല് ദിവസമായിട്ടും ഉത്പന്നങ്ങള്‍ വിറ്റു തീര്‍ക്കാന്‍ ഇദ്ദേഹത്തിന് സാധിച്ചില്ല.

വിളകള്‍ വില്‍ക്കാനാണ് അച്ഛന്‍ ചന്തയില്‍ പോയത്. തുടര്‍ന്ന് നാല് ദിവസമാണ് അദ്ദേഹം അത് വില്‍ക്കാനായി കാത്തിരുന്നത്. ഒടുവില്‍ അദ്ദേഹം കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നുവെന്ന് മകന്‍ നര്‍മദ പ്രസാദ് പറഞ്ഞു. ഫോണില്‍ സന്ദേശം ലഭിച്ചതിനനുസരിച്ചാണ് മൂള്‍ചന്ദ് ഉത്പന്നങ്ങള്‍ വില്‍ക്കാനായി ചന്തയില്‍ എത്തിയത്.

എന്നാല്‍, ഭൂരിഭാഗം കര്‍ഷകരും ഒരേ സമയത്താണ് സാധങ്ങള്‍ വില്‍ക്കാനായി ചന്തയില്‍ എത്തിയത്. ഇതാണ് ഉത്പന്നങ്ങള്‍ വിറ്റ് പോകാന്‍ തടസമായത്. മൂള്‍ചന്ദിന്റെ കുടുംബത്തിന് നാല് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. തളര്‍ച്ചയെ തുടര്‍ന്ന് മൂള്‍ചന്ദിന് ഹൃദയാഘാതം ഉണ്ടായിരുന്നു.

ഇതാണ് മരണ കാരണമെന്നും ലത്തേരി പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ ലാല്‍ ശര്‍മ പറഞ്ഞു. അതേസമയം, കര്‍ഷകന്റെ മരണം സംസ്ഥാനത്തെ ബി.ജെ.പി സര്‍ക്കാരിന്റെ കെടുകാര്യസ്ഥതകൊണ്ടാണെന്ന് പ്രതിപക്ഷം ആരോപിച്ചു. കര്‍ഷകര്‍ക്ക് തങ്ങളുടെ വിള വില്‍ക്കാന്‍ ദിവസങ്ങള്‍ കാത്തിരിക്കേണ്ടി വരുന്നത് ദൗര്‍ഭാഗ്യകരമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here