കള്ളം പറഞ്ഞ പത്തുവയസുകാരനെ ക്രൂരമായി മര്‍ദ്ദിച്ചും എടുത്തെറിഞ്ഞും പിതാവ്; അമ്മ പകര്‍ത്തിയ വീഡിയോ പ്രചരിക്കുന്നു

കെങ്കേരി: തന്നോട് കള്ളം പറഞ്ഞ മകനെ ക്രൂരമായി മര്‍ദ്ദിക്കുന്ന പിതാവിന്റെ വീഡിയോ പ്രചരിക്കുന്നു. ബംഗളൂരുവിലെ കെങ്കേരിയിലെ ഗ്ലോബല്‍ വില്ലേജിലായിരുന്നു സംഭവം. വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ കുട്ടിയുടെ പിതാവ് മഹേന്ദ്രയെ പൊലീസ് അറസ്റ്റ് ചെയ്തു. തന്നോട് മകന്‍ നിരന്തരം കള്ളം പറയുന്നുവെന്നാരോപിച്ചായിരുന്നു മഹേന്ദ്ര കുട്ടിയെ ക്രൂരമായി ശിക്ഷിച്ചത്. കട്ടിലിലേക്ക് എടുത്ത് എറിഞ്ഞും, നിലത്തിട്ട് ചവിട്ടിയും ബെല്‍റ്റ് കൊണ്ട് മര്‍ദ്ദിച്ചുമാണ് ഇയാള്‍ തന്റെ ദേഷ്യം മുഴുവന്‍ മകനില്‍ തീര്‍ത്തത്. എന്നാല്‍ താന്‍ കള്ളം പറഞ്ഞിട്ടില്ലെന്നും ഇനി പറയില്ലെന്നും ആവര്‍ത്തിച്ച് മകന്‍ പറഞ്ഞിട്ടും മഹേന്ദ്ര ചെവി കൊണ്ടില്ല. താന്‍ കുട്ടിയെ മര്‍ദ്ദിക്കുന്ന വീഡിയോ പകര്‍ത്താനായി ഇയാള്‍ ഭാര്യയോട് ആവശ്യപ്പെട്ടു. അടുത്ത തവണ മകന്‍ കള്ളം പറയുമ്പോള്‍ ഈ വീഡിയോ കാണിച്ചു കൊടുക്കണമെന്നും ഇയാള്‍ ഭാര്യയോട് പറഞ്ഞു. എന്നാല്‍ വീഡിയോ പുറത്ത് വരുമെന്ന് ഇവര്‍ വിചാരിച്ചു കാണില്ല. ഫോണ്‍ തകരാറായതിനെ തുടര്‍ന്ന് മൊബൈല്‍ ഷോപ്പില്‍ കൊടുത്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്. മൊബൈല്‍ ഷോപ്പുടമയാണ് ഇയാളുടെ ഫോണില്‍ നിന്നും വീഡിയോ എടുത്ത് സോഷ്യല്‍ മീഡിയയിലിട്ടത്. വീഡിയോയ്‌ക്കെതിരെ നിരവധി പേര്‍ രംഗത്തെത്തിയതോടെയാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. പറയുന്നതൊന്നും മകന്‍ ചെവി കൊള്ളാത്തതിനാലും കള്ളം പറഞ്ഞതിലുമുള്ള ദേഷ്യത്തിലുമാണ് താന്‍ മകനെ മര്‍ദ്ദിച്ചതെന്നാണ് ഇയാള്‍ മഹേന്ദ്ര പൊലീസിന് നല്‍കിയ വിശദീകരണം.

LEAVE A REPLY

Please enter your comment!
Please enter your name here