പത്താം ക്ലാസ് തോറ്റ മകന് സര്‍പ്രൈസ് ഒരുക്കി പിതാവ്

ഭോപ്പാല്‍: പത്താം ക്ലാസ് തോറ്റ മകന് പിതാവ് നല്‍കിയ സമ്മാനം കണ്ട് അമ്പരന്ന് നില്‍ക്കുകയാണ് മദ്ധ്യപ്രദേശിലെ ഗ്രാമവാസികള്‍. കുടുംബാംഗങ്ങളെയും, സുഹൃത്തുക്കളെയും, നാട്ടുകാരേയും വിളിച്ചു കൂട്ടി ഗംഭീര പാര്‍ട്ടി നല്‍കിയും പടക്കം പൊട്ടിച്ചുമാണ് പിതാവ് മകന് സര്‍പ്രൈസ് ഒരുക്കിയത്. ശിവാജി വാര്‍ഡ് സ്വദേശിയും സിവില്‍ കോണ്‍ട്രാക്ടറുമായ സുരേന്ദ്ര കുമാര്‍ വ്യാസാണ് മകന്റെ തോല്‍വി വ്യത്യസ്തമായ രീതിയില്‍ ആഘോഷിച്ചത്.

ഇങ്ങനെയാണ് എനിക്ക് എന്റെ മകനെ പ്രോത്സാഹിപ്പിക്കേണ്ടത്. മിക്ക കുട്ടികളും പരീക്ഷയില്‍ തോറ്റാല്‍ വിഷാദത്തിലേക്ക് വീണു പോകാറാണ് പതിവ്. ചിലര്‍ ആത്മഹത്യയ്ക്ക് മുതിരാറുണ്ട്. ബോര്‍ഡ് പരീക്ഷകളല്ല ജീവിതത്തിലെ അവസാനത്തെ പരീക്ഷയെന്നാണ് എനിക്ക് കുട്ടികളോട് പറയാനുളളത്.

ഇനിയും അവര്‍ മുന്നോട്ട് പോകാനുണ്ടെന്ന് സുരേന്ദ്ര കുമാര്‍ പറഞ്ഞു. കൂടാതെ അടുത്ത വര്‍ഷം മകന് പരീക്ഷ വീണ്ടും എഴുതാന്‍ കഴിയുമെന്ന പ്രതീക്ഷയും സുരേന്ദ്ര കുമാര്‍ പ്രകടിപ്പിച്ചു. സത്ക്കാരത്തിന്റെ കാരണമറിഞ്ഞ് ആദ്യം ഞെട്ടിയവര്‍ പോലും പിന്നീട് ആ പിതാവിന്റെ പ്രതികരണത്തിനെ അഭിനന്ദിച്ചു.

പിതാവിന്റെ ഈപ്രവൃത്തിയില്‍ മകനും സന്തോഷവാനാണ്. ‘അച്ഛന്റെ പ്രവര്‍ത്തിയെ താന്‍ ബഹുമാനിക്കുന്നു. ഇത് ജീവിതത്തില്‍ ഏറെ മുന്നോട്ട് പോകാനുണ്ടെന്ന് തന്നെ ഓര്‍മ്മിപ്പിക്കുന്നു. നല്ല മാര്‍ക്കോടെയാവും തന്റെ അടുത്തവര്‍ഷത്തെ തന്റെ വിജയമെന്നും മകന്‍ അഷുകുമാര്‍ പറഞ്ഞു.

അതേസമയം, മദ്ധ്യപ്രദേശ് ബോര്‍ഡ് പരീക്ഷയില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിക്കാത്ത ആറ് കുട്ടികള്‍ ആത്മഹത്യ ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here