പെണ്‍കുട്ടികളെ പീഡിപ്പിച്ചയാളെ പിതാവ് കൈയേറ്റം ചെയ്തു

വാഷിങ്ടണ്‍: തന്റെ മൂന്നു പെണ്‍മക്കളെ ലൈംഗികമായി പീഡിപ്പിച്ച പ്രതിയെ വിചാരണയ്ക്കിടെ ആക്രമിച്ച പിതാവിന് അമേരിക്കന്‍ കോടതി മാപ്പുനല്‍കി. യുഎസ്എയില്‍ ജിംനാസ്റ്റിക് ഡോക്ടറായ ലാരി നാസര്‍ എന്നയാളെയാണ് മിഷിഗണിലെ കോടതി മുറിയില്‍വെച്ച് പിതാവ് കൈയേറ്റം ചെയ്തത്.

കേസില്‍ ഇരകളുടെ വാദം പൂര്‍ത്തിയാകുന്ന ദിവസമായ വെള്ളിയാഴ്ചയാണ് സംഭവം. പ്രതിയുമായി ഒറ്റയ്ക്ക് സംസാരിക്കാന്‍ അനുവദിക്കണമെന്ന് പീഡനത്തിനിരയായ പെണ്‍കുട്ടികളുടെ പിതാന് റാന്‍ഡാള്‍ മാര്‍ഗ്രേവ്‌സ് ആവശ്യപ്പെടുകയായിരുന്നു.

കോടതി ഇത് നിരസിച്ചതോടെയായിരുന്നു ആക്രമണം. മിഷിഗണിലെ ഈടണ്‍ കൗണ്ടി കോടതി മുറിയിലായിരുന്നു നാടകീയരംഗങ്ങള്‍. പിതാവ് ലാരിയുടെ കഴുത്തില്‍ പിടിമുറുക്കുകയായിരുന്നു.

പിന്നീട് മൂന്നു പോലീസുകാരെത്തി പിതാവിനെ പിടിച്ചുമാറ്റുകയും പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയും നിമിഷങ്ങള്‍ക്കകം വിട്ടയക്കുകയുമായിരുന്നു. തന്റെ മക്കളെ പീഡിപ്പിച്ചയാളെ കണ്ടപ്പോള്‍ നിയന്ത്രണം വിട്ടതായും അതിന് കോടതിയോട് നൂറുതവണ ക്ഷമ ചോദിക്കുന്നതായും പിതാവ് പറഞ്ഞു.

അതേസമയം ഇത്തരം സംഭവം ന്യായീകരിക്കാനാവില്ലെങ്കിലും മൂന്നു പെണ്‍മക്കളുടെ പിതാവിന്റെ വികാരം മനസിലാക്കുന്നുവെന്നായിരുന്നു ജഡ്ജി ജാനിസ് കണ്ണിങ്ങാമിന്റെ പ്രതികരണം. സംഭവം സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ മാര്‍ഗ്രേവ്‌സിനു വന്‍ജനപിന്തുണയും ലഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here